‘ഇന്ത്യയുടെ ജനാധിപത്യത്തിൽ വിദേശശക്തികൾ ഇടപെടുന്നു’- ജോർജ്ജ് സോറോസിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി

ന്യൂഡൽഹി: അദാനി പ്രതിസന്ധിയിൽ ശതകോടീശ്വരൻ ജോർജ്ജ് സോറോസ് നടത്തിയ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്ത്. ഇന്ത്യയുടെ ജനാധിപത്യ നടപടികളിൽ കൈകടത്താൻ ശ്രമിക്കുന്ന വിദേശ ശക്തികൾക്കെതിരെ ഇന്ത്യക്കാർ ഏകക​​േണ്ഠന രംഗത്തു വരണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സോറോസിന്റെ പ്രസ്താവന ഇന്ത്യൻ ജനാധിപത്യ നടപടികളെ തകർക്കുമെന്ന പ്രഖ്യാപനമാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

നമ്മുടെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തുന്ന വിദേശ ശക്തികൾക്കെതിരെ മുമ്പെന്ന പോലെ ഇപ്പോഴും പ്രതികരിക്കണം. സോറോസിന് ശക്തമായ മറുപടി നൽകാൻ ഞാൻ എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെടുകയാണെന്നും ഇറാനി കൂട്ടിച്ചേർത്തു.

അദാനി പ്രതിസന്ധി ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന് കാരണമാകുമെന്നായിരുന്നു ശതകോടീശ്വരൻ ജോർജ്ജ് സോറോസ് പറഞ്ഞത്. വിഷയത്തിൽ നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്. എന്നാൽ, വിദേശനിക്ഷേപകരോടും പാർലമെന്റിലും അദ്ദേഹത്തിന് മറുപടി നൽകേണ്ടി വരുമെന്നും സോറോസ് പറഞ്ഞു. മ്യൂണിക് സുരക്ഷ സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

‘ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകർത്ത്, രാജ്യം സാമ്പത്തിക കുറ്റവാളിയായി വിശേഷിപ്പിച്ചയാൾ, ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ആഗ്രഹം പ്രഖ്യാപിച്ചിരിക്കുകയാണ്. ജോർജ്ജ് സോറോസ് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളിൽ ഇടപെടാനുള്ള ദുരുദ്ദേശ്യമാണ് വെളിപ്പെടുത്തിയിരിക്കുന്നത്’ -സ്മൃതി ഇറാനി ആരോപിച്ചു.

ഇത്തരം ശക്തികൾ മറ്റ് രാജ്യങ്ങളിലെ സർക്കാറുകളെ താഴെയിറക്കാൻ ശ്രമിക്കുന്നത് 'തങ്ങളുടെ ആളുകൾ' അധികാരത്തിലുണ്ടെന്ന് ഉറപ്പാക്കാനാണെന്നും അവർ കൂട്ടിച്ചേർത്തു.

‘വിമർശനത്തിന് വിധേയനാകാൻ തയാറാണെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യക്കെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കില്ല. ഇതൊരു യുദ്ധമാണെന്നും പ്രധാനമന്ത്രി മോദി മാത്രമാണ് ഇന്ത്യൻ ജനതക്കും വിദേശ ശക്തികൾക്കും ഇടയിൽ നിൽക്കുന്നതെന്നും സ്മൃതി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തിന് സോറോസിനെ പിന്തുണക്കുന്ന രാഷ്ട്രീയ സംഘടനകൾക്കും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, സോറസിന്റെ പരാമർശത്തെ കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശനമുന്നയിച്ചു.

അദാനി വിവാദം ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനത്തിന് കാരണമാകുമോ എന്നതിൽ ജോർജ്ജ് സോറോസിന് ഒരു കാര്യവുമില്ല. അത് കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു.

‘പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അദാനി കുംഭകോണം ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനത്തിന് വഴിയൊരുക്കുന്നുണ്ടോ എന്നത് പൂർണ്ണമായും കോൺഗ്രസ്, പ്രതിപക്ഷ പാർട്ടികൾ, ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിൽ ജോർജ്ജ് സോറോസിന് ഒരു കാര്യവുമില്ല. സോറോസിനെപ്പോലുള്ളവർക്ക് നമ്മുടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിർണ്ണയിക്കാൻ കഴിയില്ലെന്നത് ഞങ്ങളുടെ നെഹ്‌റുവിയൻ പൈതൃകം ഉറപ്പ് നൽകുന്നുണ്ട്.’ - അദ്ദേഹം ട്വീറ്റ് ചെയ്തു.

8.5 ബില്യൺ ഡോളർ ആസ്തിയുള്ള വ്യക്തിയാണ് സൊറോസ്. ഓപ്പൺ സൊസൈറ്റി ഫൗ​ണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഇദ്ദേഹമാണ്. ജനാധിപത്യം ഫ്രീഡം ഓഫ് സ്പീച്ച് എന്നിവയെ പിന്തുണക്കുന്നവർക്ക് സംഘടന സഹായം നൽകാറുണ്ട്.

Tags:    
News Summary - "Attack On India": BJP Blasts Billionaire George Soros Over PM Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.