കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നതിൽ ഫോറൻസിക് സംഘങ്ങൾ സഹായിക്കുന്നു
അമൃത്‌സർ: ശനിയാഴ്ച പുലർച്ചെ ഡ്യൂട്ടിക്ക് പോകുന്നതിനിടെ പഞ്ചാബ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ അജ്ഞാതരായ അക്രമികൾ വെടിവെച്ചുകൊന്നു. ഗുർദാസ്പൂർ ജില്ലയിലെ ഘനിയ കെ ബംഗാർ സ്വദേശിയായ ജോഗാ സിങ് ആണ് കൊല്ലപ്പെട്ടത്. നിലവിൽ അമൃത്‌സറിലെ ട്രാഫിക് പൊലീസിൽ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് നേരെ മേയ് 24-ന് പുലർച്ചെ 6.45-ഓടെ അമൃത്‌സർ റൂറലിലെ മജിത പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹംസ ഗ്രാമത്തിന് സമീപം വെച്ചാണ് ആക്രമണമുണ്ടായത്.
അമൃത്‌സർ നഗരത്തിലേക്ക് ഡ്യൂട്ടിക്കായി പോവുകയായിരുന്ന ജോഗാ സിങിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകളേറ്റ അദ്ദേഹം സംഭവസ്ഥലത്തു നിന്ന് തന്നെ മരിച്ചു. ബട്ടാല-മജിത റോഡിന് സമീപം വെച്ചാണ് ആക്രമണം നടന്നത്. വ്യക്തിവൈരാഗ്യം, ആസൂത്രിതമായ ആക്രമണം, റോഡ് പ്രകോപനം ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും അമൃത്‌സർ റൂറൽ എസ്.എസ്.പി സുഹൈൽ മീർ അറിയിച്ചു.
സംഭവസ്ഥലത്ത് എത്തിയ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നതായി ശിരോമണി അകാലിദൾ മുതിർന്ന നേതാവ് ബിക്രംജിത് സിങ് മജിതിയ ആരോപിച്ചു. ഇന്ത്യ-പാക് അതിർത്തി മേഖലയിൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് പഞ്ചാബിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.