നിയമസഭയിലെ പ്രതിഷേധം: അതിഷി ഉൾപ്പെടെ 21 ആപ് എം.എൽ.എമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിനെതിരെ പ്രതിഷേധിച്ച 21 എ.എ.പി എം.എൽ.എമാരെ ഡൽഹി നിയമസഭയിൽനിന്ന് സ്പീക്കർ വിജേന്ദർ ഗുപ്ത സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെയുള്ളവരെ രണ്ട് ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച സഭാസമ്മേളനം തുടങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി രേഖ ഗുപ്തയാണ് സി.എ.ജി റിപ്പോർട്ട് മേശപ്പുറത്ത് വെച്ചത്. ഇതിനു പിന്നാലെ സ്പീക്കർ സഭയെ അഭിസംബോധന ചെയ്യുന്നതിനിടെ എ.എ.പി എം.എൽമാർ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

ബി.ജെ.പി സർക്കാറിനെതിരെ എം.എൽ.എമാർ മുദ്രാവാക്യം വിളിച്ചു. സ്പീക്കർ ആവശ്യപ്പെട്ടിട്ടും എം.എൽ.എമാർ പ്രതിഷേധം നിർത്തിയില്ല. ഇതോടെ സസ്പെൻഷൻ നടപടിയിലേക്ക് കടക്കുകയായിരുന്നു. സസ്പെൻഷന് വിധേയരായ എം.എൽ.എമാർ നിയമസഭക്ക് പുറത്തും പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അംബേദ്കറുടെ ചിത്രം നീക്കിയ സംഭവത്തിലായിരുന്നു പ്രതിഷേധം.

എ.എ.പി സർക്കാറിന്റെ മദ്യനയം മൂലം ഡൽഹിക്ക് 2002 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി റിപ്പോർട്ട്. മദ്യനയം പിന്നീട് റദ്ദാക്കിയിരുന്നു. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രമുഖ എ.എ.പി നേതാക്കൾ ജയിലിലായിരുന്നു. പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ, മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭ എം.പി സഞ്ജയ് സിങ്, മുൻ ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിൻ എന്നിവരുൾപ്പെടെ അഴിമതി കേസിൽ അറസ്റ്റിലായി.

ഡൽഹിയിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ 14 സി.എ.ജി റിപ്പോർട്ടുകൾ പുറത്തുവിടുമെന്ന് അറിയിച്ചിരുന്നു. 2017-18 മുതൽ 2020-2021 വരെയുള്ള നാല് വർഷത്തെ മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ സമർപ്പിച്ചത്. മദ്യശാലകൾക്ക് ലൈസൻസ് അനുവദിക്കുമ്പോൾ ഡൽഹി എക്സൈസ് നിയമത്തിലെ 35ാം വകുപ്പ് പാലി​ച്ചില്ലെന്നാണ് സി.എ.ജി കണ്ടെത്തൽ.

Tags:    
News Summary - Atishi Among 21 AAP MLAs Suspended From Delhi Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.