ന്യൂഡൽഹി: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ലോക്സഭ സെക്രട്ടേറിയറ്റ്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രാലയത്തിന് നിർദേശം നൽകിയത്.
കേരള സർക്കാറിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. ഷാഫിപറമ്പിലിന്റെയും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെയും പരാതികളിലാണ് നടപടി. യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിലാണ് ഷാഫിക്ക് പരിക്കേറ്റത്.
അതേസമയം, പേരാമ്പ്രയിലെ പൊലീസ് മർദനത്തിൽ നടപടി സ്വീകരിക്കാൻ തയാറാകാത്തതിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എം.പി. സംസ്ഥാന പൊലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ആരോപണം.
നീതി ലഭ്യമാക്കാൻ പാർട്ടിയുമായി കൂടി ആലോചിച്ച് നിയമപരമായും രാഷ്ട്രീയപരമായുമുള്ള പോരാട്ടം തുടരുമെന്ന് ഷാഫി പറഞ്ഞു. വടകര കണ്‍ട്രോള്‍ റൂം സി.ഐ അഭിലാഷ് ഡേവിഡാണ് തന്നെ മർദിച്ചതെന്ന് ഷാഫി പറമ്പില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് വെളിപ്പെടുത്തിയിരുന്നു.
സര്‍വീസില്‍നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു ഷാഫിയുടെ ആരോപണം. പൊലീസുകാരൻ സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള ആളായതിനാലാണ് അന്വേഷണം മരവിപ്പിച്ചതെന്നും എം.പി ആരോപിച്ചിരുന്നു.
തനിക്കെതിരായ പൊലീസ് ആക്രമണം പാർലമെന്‍റ് പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 12ന് ഷാഫി പറമ്പിൽ സ്പീക്കർക്ക് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെ ഷാഫിയെ ചില പൊലീസുകാർ പിറകിൽ നിന്ന് അടിച്ചുവെന്ന റൂറൽ എസ്.പിയുടെ വെളിപ്പെടുത്തലും തെളിവായി ഹാജരാക്കിയിട്ടുണ്ട്.
അതേസമയം, വാർത്താസമ്മേളനത്തിൽ തന്റെ ഫോട്ടോ സഹിതം ഷാഫി പറമ്പിൽ എം.പി നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി വടകര കൺട്രോൾ റൂം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡും ഒരുങ്ങി.
തനിക്കെതിരെ ദുരുദ്ദേശപരവും അപകീർത്തികരവുമായ പരാമർശമാണ് എം.പി നടത്തിയത് എന്നാണ് ആക്ഷേപം. എം.പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി വടകര റൂറൽ എസ്.പിക്കാണ് അഭിലാഷ് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.