അസമിൽ നിന്ന് രണ്ടുമാസം മുമ്പ് കാണാതായ യുവതിയും മകനും പാക് ജയിലിൽ; ഒപ്പം പോയ അഫ്ഗാൻ യുവാവും പിടിയിൽ

ദിസ്പൂർ: അസമിലെ നാഗാവോണിൽ നിന്ന് കാണാതായ സ്ത്രീയെയും പ്രായപൂർത്തിയാകാത്ത മകനെയും പാകിസ്താനിലെ ജയിലിൽ കണ്ടെത്തി. മതിയായ രേഖകളില്ലാതെയാണ് ഇവർ യാത്ര ചെയ്തത് എന്നാരോപിച്ചാണ് പാക് അധികൃതർ തടവിലാക്കിയത്.

രണ്ട് വർഷം മുമ്പാണ് 36 വയസുള്ള യുവതിയുടെ ഭർത്താവ് മരിച്ചത്. 2022 നവംബർ 26 മുതലാണ് യുവതിയെയും മകനെയും കാണാതായത്. തുടർന്ന് യുവതിയുടെ അമ്മ ആസിഫ ഖാത്തൂൻ നാഗാവോൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മതിയായ രേഖകളില്ലാതെ അതിർത്തി കടന്നതിന് രണ്ടു പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി കാണിച്ച് പാക് അധികൃതർ അയച്ച കത്ത് ഇക്കഴിഞ്ഞ ഡിസംബറിൽ ഇവർക്ക് ലഭിച്ചു. രണ്ടുപേരും ക്വറ്റ ഡിസ്ട്രിക്റ്റ് ജയിലിലാണ് കഴിയുന്നത്.

ഇവർക്കൊപ്പം അഫ്ഗാൻ സ്വദേശിയെന്ന് സംശയിക്കുന്ന മറ്റൊരാൾ കൂടിയുണ്ടെന്നും അയാളും അറസ്റ്റിലായി അതേ ജയിലിലിൽ കഴിയുകയാണെന്നും ഖാത്തൂൻ പറഞ്ഞു.

തന്റെ സ്വത്തുക്കൾ വിറ്റുകിട്ടിയ പണവുമായാണ് യുവതി ഇയാൾക്കൊപ്പം രാജ്യംവിട്ടത്. പാക്ജയിലിൽ നിന്ന് യുവതിയെ മോചിപ്പിച്ച് നാട്ടിലെത്തിക്കാനായി യുവതിയുടെ അമ്മ പൊലീസിന്റെ സഹായം തേടി. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് പരാതി ഉന്നതർക്ക് കൈമാറിയതായി പൊലീസ് വ്യക്തമാക്കി.

മകളെയും പേരക്കുട്ടിയെയും വിട്ടയക്കണമെന്നഭ്യർഥിച്ച് പാക് എംബസിക്കും ഖാത്തൂൻ കത്ത് നൽകിയിട്ടുണ്ട്. ഡൽഹി ഹൈകോടതിയിലും പ്രസിഡന്റ് ദ്രൗപതി മുർമുവിനും പരാതി നൽകാനുള്ള തീരുമാനത്തിലാണ്.

Tags:    
News Summary - Assam woman, son traced to Pakistani jail 2 months after going missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.