ഹിമന്ത ബിശ്വ ശർമ

ഏക സിവിൽ കോഡിന് കളമൊരുങ്ങുന്നു; അസമിൽ മുസ്‍ലിം വിവാഹ നിയമം റദ്ദാക്കി

ഗുവാഹതി: അസമിൽ ബ്രിട്ടീഷ് കാലത്തെ മുസ്‍ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. ഉത്തരാഖണ്ഡിലേതിന് സമാനമായി ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് തീരുമാനമെന്നാണ് വിലയിരുത്തൽ. 1935ലെ നിയമം പിൻവലിക്കുന്നത് സംസ്ഥാനത്തെ ശൈശവ വിവാഹം അവസാനിപ്പിക്കാനുള്ള നിർണായക ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അവകാശപ്പെട്ടു. വധുവിന് 18ഉം വരന് 21ഉം വയസ്സ് പൂർത്തിയായിട്ടില്ലെങ്കിലും ഈ നിയമം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്നുണ്ടെന്നും ഇത് നിലവിലെ നിയമത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഈ നിയമം കാലഹരണപ്പെട്ടതാണ്.

ഇതുപ്രകാരം വിവാഹവും വിവാഹമോചനവും രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ല. ഇത് അനൗപചാരികവുമാണ്. എന്നാൽ, ഇതിലൂടെ പ്രായപൂർത്തിയാകാത്തവർ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ 94 മുസ്‍ലിം വിവാഹ രജിസ്ട്രാർമാർ സൂക്ഷിക്കുന്ന രേഖകൾ ജില്ല കമീഷണർമാരും ജില്ല രജിസ്ട്രാർമാരും ഏറ്റെടുക്കും. നിയമം റദ്ദാക്കുന്നതോടെ മുസ്‍ലിം വിവാഹ രജിസ്ട്രാർമാരെ പുനരധിവസിപ്പിക്കാൻ ഒറ്റത്തവണ നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നൽകും.

വെള്ളിയാഴ്ച രാത്രി നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ബഹുഭാര്യത്വം അവസാനിപ്പിക്കാൻ നിയമനിർമാണം നടത്തുമെന്നും മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ഏക സിവിൽ കോഡ് പാർലമെന്റാണ് തീരുമാനിക്കേണ്ടത്. എന്നാൽ, രാഷ്ട്രപതിയുടെ അനുമതിയോടെ സംസ്ഥാനത്തിനും നിയമം നടപ്പാക്കാമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ഈയിടെയാണ് ഏക സിവിൽ കോഡ് നടപ്പാക്കിയത്.

അതേസമയം, തീരുമാനം മുസ്‍ലിംകളോടുള്ള വിവേചനമാണെന്നും ഏക സിവിൽ കോഡിന് കളമൊരുക്കാനും ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ധ്രുവീകരിക്കാനുമുള്ള ശ്രമമാണെന്നും പ്രതിപക്ഷം ആരോപിച്ചു. കാലഹരണപ്പെട്ടതെന്നും ശൈശവ വിവാഹം രജിസ്റ്റർ ചെയ്യുന്നുവെന്നും ആരോപിച്ചാണ് ബി.ജെ.പി സർക്കാർ നിയമം റദ്ദാക്കുന്നത്. എന്നാൽ, ഇത് വസ്തുത വിരുദ്ധമാണെന്ന് കോൺഗ്രസ് എം.എൽ.എ അബ്ദുൽ റാഷിദ് മണ്ഡൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് വർഷത്തിൽ മുസ്‍ലിംകളെ ലക്ഷ്യമിട്ടുള്ള തീരുമാനമാണിതെന്ന് എ.ഐ.യു.ഡി.എഫ് എം.എൽ.എ റഫീഖുൽ ഇസ്‍ലാം ആരോപിച്ചു. ബഹുഭാര്യത്വത്തെക്കുറിച്ച് വാചാലരാകുന്ന ബി.ജെ.പിക്കാർ അത് തടയാൻ നിയമം നടപ്പാക്കാത്തത് അവരെ പിന്തുണക്കുന്ന സമുദായക്കാർക്കിടയിലും ഈ രീതി നിലനിൽക്കുന്നതുകൊണ്ടാണ്. ഭരണഘടന നൽകുന്ന അവകാശം ആരുടെയെങ്കിലും ഇഷ്ടത്തിനനുസരിച്ച് മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമം റദ്ദാക്കുന്നതോടെ മുസ്‍ലിം വിവാഹം പ്രത്യേക വിവാഹ രജിസ്ട്രേഷനിലൂടെ മാത്രമേ രജിസ്റ്റർ ചെയ്യാനാകൂവെന്നും ഇതിന് 30 ദിവസം മുമ്പ് നോട്ടീസ് നൽകുകയും നിരവധി രേഖകൾ സമർപ്പിക്കുകയും ചെയ്യേണ്ടിവരുമെന്നും പ്രമുഖ അഭിഭാഷകൻ അമൻ വദൂദ് പറഞ്ഞു.

Tags:    
News Summary - Assam repeals Muslim Marriage Act in major step to implement UCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.