ഗുവാഹതി: കുട്ടികളെ മോഷ്ടിക്കുന്നവരെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ ആൾക്കൂട്ടം മർദിച്ചുകൊന്ന കേസിൽ 48 പേർക്കെതിരെ അസം പൊലീസ് ചീഫ് ജുഡീഷ്യൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊല, അനധികൃതമായി സംഘംചേരൽ, തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വിവിധ വകുപ്പുകളാണ് ചുമത്തിയത്. ജൂൺ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടികളെ മോഷ്ടിക്കുന്നവർ എന്നാരോപിച്ച് നിലോൽപൽ ദാസ്, അഭിജിത് നാഥ് എന്നിവരെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.
ഗുവാഹതിയിലെ കാന്തിലങ്സോ എന്ന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്രയിലായിരുന്നു ഗോവയിൽനിന്നുള്ള യുവാക്കൾ. കർബി ആംഗ്ലോങ് ജില്ലയിലെ ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ വഴിചോദിക്കാനായി ബൈക്ക് നിർത്തിയ ഇരുവരെയും ഗ്രാമീണർ വളയുകയും മോഷണമാരോപിച്ച് തല്ലിക്കൊല്ലുകയുമായിരുന്നു.
ജൂണിൽ നടക്കുന്ന ഉത്സവത്തിൽ പെങ്കടുക്കാൻ ഇരുവരും നാട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു ഇത്. രാജ്യത്താകമാനം ഇത്തരം കൊലകൾ അധികരിക്കുന്ന കാലത്ത് അക്രമം നടന്ന് 90 ദിവസങ്ങൾക്കകം 48 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് ഡി.ജി.പി കുൽദാർ സൈകിയ പറഞ്ഞു. ഒാരോരുത്തരും ചെയ്ത കുറ്റങ്ങൾ പ്രത്യേകം ഇതിൽ പറയുന്നുണ്ടെന്നും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് അതിവേഗ കോടതിക്ക് വിട്ട് എത്രയും വേഗം നീതി ലഭ്യമാക്കുമെന്നും സൈകിയ പറഞ്ഞു. 844 പേജു വരുന്ന കുറ്റപത്രത്തിൽ 71 സാക്ഷികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.