മദ്രസ എന്ന വാക്ക് ഇല്ലാതാകണം; ഖുർആൻ വീട്ടിൽ പഠിപ്പിച്ചാൽ മതി -അസം മുഖ്യമന്ത്രി

ദിസ്പൂർ: സ്കൂളുകളിൽ എല്ലാവരും പൊതുവിദ്യാഭ്യാസം എന്ന് പറയുമ്പോൾ മദ്രസ എന്ന വാക്ക് ഇല്ലാതാക്കണമെന്ന് അസം മുഖ്യ മന്ത്രി ഹിമന്ത ബിശ്വശർമ. മദ്രസ എന്ന വാക്ക് നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾക്ക് ഡോക്ടറും എൻജിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മദ്രസയിൽ പോയാൽ ഡോക്ടറും എൻജിനീയറും ആകില്ലെന്ന് നിങ്ങൾ കുട്ടികളോട് പറഞ്ഞു നോക്കൂ, അവരു തന്നെ പോകുന്നത് നിർത്തും. നിങ്ങളുടെ മക്കളെ ഖുർആൻ പഠിപ്പിച്ചോളൂ, പക്ഷേ അത് വീട്ടിൽ നിന്ന് മാത്രം. കുട്ടികളെ നിർബന്ധിച്ച് മദ്രസകളിൽ അയക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. എല്ലാ കുട്ടികളെയും സയൻസ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നിവ പഠിക്കാൻ ഊന്നൽ നൽകിയാൽ അവർ മിടുക്കരായി പഠിച്ച് ഉദ്യോഗാർഥികൾ ആയിക്കോളും" -അദ്ദേഹം വ്യക്തമാക്കി.

മദ്രസകളിൽ പോകുന്ന വിദ്യാർഥികൾ കൂടുതൽ കഴിവുള്ളവരാണെന്നും അവർക്ക് ഖുർആനിലെ വാക്കുകൾ എളുപ്പം മന:പാഠമാക്കാൻ സാധിക്കുമെന്നുമുള്ള അഭിപ്രായം അദ്ദേഹം നിരസിച്ചു.

ഇന്ത്യയിൽ എല്ലാ മുസിലിംകളും ഹിന്ദുക്കളായിട്ടാണ് ജനിച്ചതെന്നും ഒരു മുസ്ലിം കുട്ടിക്ക് അങ്ങേയറ്റം യോഗ്യതയുണ്ടെങ്കിൽ അതിന്‍റെ ക്രെഡിറ്റ് ഹിന്ദു ഭൂതകാലത്തിന് നൽകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

2020ൽ മതേതര വിദ്യാഭ്യാസ സമ്പ്രദായം സുഗമമാക്കുന്നതിന് സർക്കാരിന് കീഴിലുള്ള എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാൻ അസം സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്ന് സംസ്ഥാനത്തെ എല്ലാ പ്രവിശ്യ മദ്രസകളും പൊതു വിദ്യാലയങ്ങളാക്കി മാറ്റുന്ന നിയമം ഗുവാഹത്തി ഹൈകോടതി ശരിവെക്കുകയും ചെയ്തു.

Tags:    
News Summary - Assam CM Himanta Sarma thinks 'madrasa' word should cease to exist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.