ദിസ്പുർ: അസം നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. ബുധനാഴ്ച ഗുവാഹത്തിയിലെ ലോക് ഭവനിൽ വെച്ചായിരുന്നു രാജി സമർപ്പണം. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ‍്യമന്ത്രിയായി തുടരാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ഈ ആഴ്ച അവസാനം കേന്ദ്ര നിരീക്ഷകർ എത്തുന്നതോടെ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഹിമന്ത ബിശ്വ ശർമ തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യതയെന്ന് സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി വൃത്തങ്ങൾ സൂചിപ്പിച്ചു. മെയ് 12ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുക്കും.
തന്റെയും മന്ത്രിസഭയുടെയും രാജി ഗവർണർ സ്വീകരിച്ചതായി രാജിക്കത്ത് സമർപ്പിച്ച ശേഷം ശർമ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അറിയിച്ചു. കൂടാതെ കഴിഞ്ഞ അഞ്ച് വർഷത്തെ മാർഗനിർദേശങ്ങൾക്ക് ഗവർണർക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. അടുത്ത നിയമസഭാ കക്ഷി നേതാവിനെ തെരെഞ്ഞെടുക്കുന്നതിനായി ബി.ജെ.പി കേന്ദ്ര നേതൃത്വം ജെ.പി. നദ്ദയെയും നയാബ് സിംഗ് സെയ്നിയെയും കേന്ദ്ര നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്. ബി.ജെ.പി നിയമസഭാ കക്ഷി നേതാവിനെ തെരെഞ്ഞെടുത്ത ശേഷം എൻ.ഡി.എ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബി.ജെ.പി സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് (എ.ജി.പി) ഗുവാഹത്തിയിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്ന് പ്രധാന നേതൃസ്ഥാനങ്ങൾ തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ അതുൽ ബോറയെ നിയമസഭാ കക്ഷി നേതാവായും കേശബ് മഹാന്തയെ ഉപനേതാവായും യോഗത്തിൽ തെരെഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ ഡോ. തപൻ ദാസിനെ നിയമസഭാ കക്ഷി സെക്രട്ടറിയായി നിയമിച്ചു. ഹിമന്ത ബിശ്വ ശർമയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന പ്രമേയത്തെ അസം ഗണ പരിഷത്ത് ഐക്യകണ്ഠേന പിന്തുണച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.