അർധരാത്രി നാരങ്ങ ചോദിച്ച് സ്ത്രീകൾ ഒറ്റക്കു താമസിക്കുന്ന വീടിന്റെ വാതിലിൽ മുട്ടുന്നത് മോശം സ്വഭാവം -സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന്റെ പരാതി തള്ളി ബോംബെ ഹൈകോടതി

മുംബൈ: അർധരാത്രിയിൽ അയൽക്കാരിയുടെ വീടിന്റെ കതകിൽ മുട്ടിയതിന് സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന് പിഴ ചുമത്തിയ നടപടി ശരിവെച്ച് ബോംബെ ഹൈകോടതി. അർധരാത്രി നാരങ്ങ ചോദിച്ച് അയൽക്കാരിയുടെ വീടിന്റെ കതകിന് മുട്ടിയ സംഭവം സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന്റെ പെരുമാറ്റ വൈകല്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും​ കോടതി വിലയിരുത്തി.

''വീട്ടുകാരൻ ഇല്ലാത്ത സമയത്താണ് കോൺസ്റ്റബിൾ വാതിലിൽ മുട്ടിയത്. ആ സമയത്ത് അയൽക്കാരന്റെ ഭാര്യയും ആറുവയസുള്ള മകളും മാത്രമേ വീട്ടിലുള്ളൂ എന്ന കാര്യം കോൺസ്റ്റബിളിന് അറിയാമായിരുന്നു. വയറിന് അസ്വസ്ഥത തോന്നിയിട്ടാണ് നാരങ്ങക്കായി വീടിന്റെ വാതിലിൽ മുട്ടിയത് എന്നാണ് കോൺസ്റ്റബിളിന്റെ വാദം. ഈ വാദം അസംബന്ധമാണെന്നും ജസ്റ്റിസുമാരായ നിതിൻ ജംദാർ, എം.എം. സതായേ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടാകാൻ പാടില്ലായിരുന്നു. യുവതിയുടെ ഭർത്താവിന് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയാണെന്നത് കോൺസ്റ്റബിളിന് നന്നായി അറിയാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മോശം പെരുമാറ്റത്തിന്റെ പേരിൽ തന്റെ മേലുദ്യോഗസ്ഥർ പിഴ ചുമത്തിയ നടപടിക്കെതിരെ സി.ഐ.എസ്.എഫ് കോൺസ്റ്റബിളായ അരവിന്ദ് കുമാർ ആണ് കോടതിയെ സമീപിച്ചത്. 2021 ഏപ്രിൽ 19ന് കോൺസ്റ്റബിൾ അയൽപക്കത്ത് താമസിക്കുന്ന സഹപ്രവർത്തകന്റെ വീടിന്റെ വാതിലിൽ മുട്ടിയെന്നാണ് പരാതി. അസമയത്ത് കോൺസ്റ്റബിളിനെ കണ്ട് ഞെട്ടിപ്പോയ യുവതിയാണ് പരാതി നൽകിയത്. ശിക്ഷ നടപടിയുടെ ഭാഗമായി കുമാറിന്റെ ശമ്പളം മൂന്നുവർഷത്തോളും വെട്ടിക്കുറച്ചിരുന്നു. ആ സമയത്ത് അയാൾക്ക് ഇൻക്രിമെന്റും ലഭിച്ചില്ല. 

Tags:    
News Summary - Asking neighbour for lemons at odd hours preposterous: Bombay High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.