ന്യൂഡൽഹി: കേന്ദ്ര സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽനിന്ന് 18 സ്മാരകങ്ങളെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ) ഒഴിവാക്കുന്നു. ഹരിയാനയിലെ മുജേസർ ഗ്രാമത്തിലെ കോസ് മിനാർ നമ്പർ 13 ഉൾപ്പെടെയുള്ള സ്മാരകങ്ങളാണ് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്. ഡൽഹിയിലെ ബാരാ ഖംബ സെമിത്തേരി, ഝാൻസിയിലെ റംഗൂണിൽ ഗണ്ണർ ബർക്കിലിന്റെ ശവകുടീരം, ലഖ്‌നൗവിലെ ഗൗഘട്ടിലെ സെമിത്തേരി, ഉത്തർപ്രദേശിലെ വാരാണസിയിലെ വിജനമായ ഒരു ഗ്രാമത്തിന്റെ ഭാഗമായ ടെലിയ നള ബുദ്ധ അവശിഷ്ടങ്ങളും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുണ്ട്.
പട്ടികയിൽ നിന്ന് പുറത്താകുന്നതോടെ ഈ സ്മാരകങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ഏജൻസിക്ക് ബാധ്യതയുണ്ടാകില്ല. കൂടാതെ സ്മാരകം സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് നിർമാണ-നഗരവത്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ സാധിക്കുകയും ചെയ്യും. നിലവിൽ എ.എസ്.ഐയുടെ പരിധിയിൽ 3,693 സ്മാരകങ്ങളാണുള്ളത്. ഡീലിസ്റ്റിങ് പൂർത്തിയാക്കുന്ന മുറക്ക് സ്മാരകങ്ങളുടെ എണ്ണം 3,675 ആയി കുറയും. കേന്ദ്ര സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട 3,693 സ്മാരകങ്ങളിൽ 50 എണ്ണം കാണാതായതായി കഴിഞ്ഞ ഡിസംബർ എട്ടിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പാർലമെന്റിൽ അറിയിച്ചിരുന്നു.
യു.പിയിലെ 11ഉം ഡൽഹിയിലെയും ഹരിയാനയിലെയും രണ്ട് വീതം സ്മാരകങ്ങളുമാണ് കാണാതായത്. അസം, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സ്മാരകങ്ങളും കാണാതായ പട്ടികയിലുണ്ട്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള എ.എസ്.ഐയുടെ അഭിപ്രായത്തിൽ കാണാതായ 50 സ്മാരകങ്ങളിൽ 14 എണ്ണം ദ്രുതഗതിയിലുള്ള നഗരവൽക്കരണം മൂലം നഷ്ടപ്പെട്ടതാണ്. 12 എണ്ണം റിസർവോയറുകളാലോ അണക്കെട്ടുകളാലോ മുങ്ങിപ്പോയതാണ്. 24 എണ്ണം കണ്ടെത്താനാകാത്തതുമാണ്. ഒഴിവാക്കേണ്ട 18 സ്മാരകങ്ങൾ കണ്ടെത്താനാകാത്ത 24 സ്മാരകങ്ങളുടെ പട്ടികയിൽ നിന്നാണ് വരുന്നത്.2013ൽ ഇത്തരത്തിൽ 92 സ്മാരകങ്ങൾ കാണാതായിരുന്നു. അതിൽ 42 സ്മാരകങ്ങളെ പിന്നീട് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.