ന്യൂഡൽഹി: 10 വർഷത്തെ ഭരണത്തിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉൾപ്പെടെ റെക്കോഡ് സമയം ചെലവഴിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി വിമർശനത്തിന് കാരണമായിരുന്നു. മോദി വിട്ടുനിൽക്കുമ്പോൾ ഭരണപരമായ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യം നിരവധി തവണ പലരും ഉന്നയിച്ചിട്ടുണ്ട് .
അതിന് കൃത്യമായ മറുപടി നൽകാതെ മൗനം പാലിക്കുകയാണ് ബി.ജെ.പി നേതൃത്വം ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ വീണ്ടും അത്തരത്തിലൊരു ചോദ്യം ഉയർന്നിരിക്കുകയാണ്. കന്യാകുമാരിയിൽ മോദി ധ്യാനത്തിന് പോകുമ്പോൾ പകരം ചുമതല ആർക്കാണ് നൽകിയതെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
2014ലും 19ലും അധികാരത്തിലെത്തിയപ്പോൾ മോദി ഉപപ്രധാനമന്ത്രിയെ നിയമിച്ചിരുന്നില്ല.കേന്ദ്രമന്ത്രിമാരുടെ ലിസ്റ്റ് പ്രകാരം മോദി കഴിഞ്ഞാൽ അടുത്തത് വരുന്നത് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്ങാണ്. 2014ൽ മോദി യു.എസിലേക്ക് പോയപ്പോൾ അടിയന്തരമായ വിഷയങ്ങളിൽ മോദിയെ സഹായിച്ചിരുന്നത് രാജ്നാഥ് സിങ്ങായിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവും പുറത്തിറങ്ങിയിരുന്നു. എന്നാൽ, കന്യാകുമാരിയിൽ ധ്യാനത്തിന് പോകുമ്പോൾ ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ ചുമതല ആർക്കും നൽകിയിട്ടില്ല.
മോദി ധ്യാനത്തിലിരിക്കുന്ന സമയത്തും രാജ്യത്ത് പ്രധാനമന്ത്രി തീരുമാനമെടുക്കേണ്ട നിർണായക സാഹചര്യങ്ങൾ ഉയർന്നുവന്നേക്കാം. അതിർത്തികളിലെ പ്രശ്നങ്ങൾ ഇത്തരത്തിൽ ഉയർന്നവരാവുന്ന സാഹചര്യത്തിന് ഉദാഹരണമാണെന്ന് പല മുൻ സീനിയർ സർക്കാർ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
പക്ഷേ, ഇത്തവണയും പതിവ് പോലെ അത്തരം ചോദ്യങ്ങളെ അവഗണിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. 2019ലെ തെരഞ്ഞെടുപ്പിന്റെ സമയത്തും ധ്യാനത്തിനായി മോദി പോയിരുന്നു. അന്ന് 17 മണിക്കൂർ മാത്രമാണ് മോദി ധ്യാനത്തിനായി പോയത്. ഇക്കുറി 45 മണിക്കൂറാണ് അദ്ദേഹത്തിന്റെ ധ്യാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.