ഗ്യാനേഷ് പരുങ്ങുമ്പോൾ വിരണ്ടുപോകുന്നത് അവരാണ്
തന്നെ തൂക്കിയെടുത്ത് വാഹനത്തിലേക്ക് ഇടുന്ന അമിത് ഷായുടെ ഡൽഹി പൊലീസിനെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, നന്നായി പണിയെടുപ്പിച്ച ശേഷം വെള്ളം കുടിപ്പിക്കുന്ന ഒരു സീനുണ്ട് ഇന്നലത്തെ ജന്തർ മന്തർ സമരത്തിൽ. ഇടിയും കുത്തും തള്ളും തന്നാലാവും വിധം ചെറുത്ത രാഹുലിനെ ഒടുവിൽ പൊലീസ് വാഹനത്തിലേക്ക് കയറ്റി ഇരുത്തിയ ശേഷമായിരുന്നു ഈ വെള്ളം കുടിപ്പിക്കൽ.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം അദ്ദേഹത്തിന്റെ കാർമികത്വത്തിൽ നടത്തിയ വോട്ടുകൊള്ളയുടെ ഗുണഭോക്താക്കളായ മോദിയെയും അമിത് ഷായെയും വെള്ളം കുടിപ്പിക്കാൻ പോകുന്നതിന്റെ പ്രതീകാത്മക ആവിഷ്കാരമായിരുന്നു രാഹുൽ ഗാന്ധി നടത്തിയത്. തന്നെ വാഹനത്തിൽ കൊണ്ടിട്ട പൊലീസുകാർക്ക് രാഹുൽ വെള്ളം വെച്ചുനീട്ടുന്നത്, കൂടെ ഇടിയേറ്റ കോൺഗ്രസ് നേതാക്കൾക്ക് സഹിക്കാനാവുന്നില്ലെന്നുകണ്ട് ഒരു ഡയലോഗും രാഹുൽ കാച്ചി, ‘അവർ വെള്ളം കുടിക്കട്ടെ, അവർ അവരുടെ പണിയല്ലേ എടുക്കുന്നത്’ എന്ന്.
വോട്ടുകൊള്ളക്കെതിരെ രാഹുൽ രണ്ടുവർഷം മുമ്പ് തുടങ്ങിയ പോരാട്ടം അതിന്റെ മൂർധന്യത്തിൽ കൊണ്ടെത്തിച്ച മുഹൂർത്തത്തിലാണ് ഡൽഹി പൊലീസിനെ വെള്ളം കുടിപ്പിച്ച് അവരുടെ യജമാനന്മാർക്കുള്ള കൃത്യമായ സന്ദേശം രാഹുൽ നൽകുന്നത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾക്കു പിന്നാലെ രാഹുൽ ഗാന്ധി നടത്തിയ അന്വേഷണത്തിന്റെയും പോരാട്ടത്തിന്റെയും പരിസമാപ്തിയിലേക്ക് രാജ്യം നീങ്ങുകയാണോ എന്ന് തോന്നിക്കുന്ന സ്ഥിതിയിലാണ് തലസ്ഥാന നഗരിയിലെ പ്രക്ഷുബ്ധമായ സ്ഥിതി വിശേഷങ്ങൾ.
ഇൻഡ്യ സഖ്യത്തോട് ഒരിക്കലും ചേരാത്ത ബിജു ജനതാദൾ പോലും രാഹുലിനൊപ്പം ഗ്യാനേഷിനെ തേടി പാർലമെൻറ് സ്ട്രീറ്റിലേക്ക് ഇറങ്ങിയ കാഴ്ച. സഖ്യത്തിൽ നിന്ന് വിട്ടുപോയി സ്വന്തം നിലക്ക് പാറ്റകൾക്കൊപ്പം ചേർന്ന ആം ആദ്മി പാർട്ടിക്കുപോലും രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. തങ്ങളുമായുള്ള സഖ്യം വിട്ടതിന് തമിഴ്നാട്ടിൽ കോൺഗ്രസിനോട് പ്രതികാരം ചെയ്യാനുറച്ച ഡി.എം.കെക്കും ചരിത്രമായേക്കാവുന്ന ഈ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആവില്ലെന്ന നിലവരുന്നു.
പരുങ്ങലിലായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുമോ എന്നാണ് ഏവരുടെയും ചോദ്യം. ഗ്യാനേഷ് പരുങ്ങുമ്പോൾ വിരണ്ടു പോകുന്നവർ അതിന് അനുവദിക്കുമോ എന്നതാണ് ഉത്തരം. ഗദ്ദാർ ഗ്യാനു എന്ന അപരനാമം ജെൻസികൾ ചാർത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജിവെച്ചാൽ വലിയൊരു കുറ്റകൃത്യത്തിന്റെ ധാർമികമായ കുറ്റസമ്മതമായി മാറുമത്. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുപോലെ ആയിരിക്കില്ല അത്. പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും പോലുള്ള ഒരു കുറ്റകൃത്യവുമല്ല ഇത്. മറിച്ച് തെളിയിക്കപ്പെട്ടാൽ ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹ കുറ്റമാണ്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജെൻസികളുടെ നായകൻ അഭിജീത്ത് ദിപ്കെയും വോട്ടുകൊള്ളയുടെ ഗൂഢാലോചനക്ക് ചുമത്തിക്കൊടുക്കുന്നത്.
രാജ്യദ്രോഹ കുറ്റകൃത്യം ചെയ്തതിന് ഗ്യാനേഷ് രാജിവെക്കണമെന്ന ആവശ്യത്തിനു വഴങ്ങേണ്ടി വന്നാൽ ആ കുറ്റകൃത്യത്തിന് ശിക്ഷ ഏറ്റുവാങ്ങുന്നത് അത് നടത്തിക്കൊടുത്തയാൾ മാത്രമായിരിക്കില്ല.
അതിന്റെ മുഖ്യ ഗൂഢാലോചകർ കൂടിയായിരിക്കും. ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ ഗ്യാനേഷിൽ ഒതുങ്ങില്ലെന്നും അമിത് ഷാക്കും മോദിക്കും മോഹൻ ഭാഗവതിനും മേൽ കൂടി അന്വേഷണം വരുമെന്നും രാഹുൽ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്.
അമിത് ഷാ ഇച്ഛിക്കുന്നതുപോലെ വോട്ടുകൾ കൂട്ടിച്ചേർക്കാനും വെട്ടിമാറ്റാനും വഴിയൊരുക്കുക മാത്രമാണ് തന്നിൽ ഏൽപിക്കപ്പെട്ട ദൗത്യം എന്ന് കരുതി ഇതെല്ലാം ഗ്യാനേഷ് ചെയ്തത് തന്നെപ്പോലെ അമിത് ഷായെ എല്ലാവരും ഭയപ്പെടുമെന്ന് കരുതിയിട്ടായിരുന്നു. ആ ഭയപ്പാടാണ് പാറ്റകളും രാഹുലും ഒരുപോലെ നീക്കിക്കളഞ്ഞിരിക്കുന്നത്. അതോടെ പേടിയില്ലാതായവരെ തിരിച്ച് പേടിക്കേണ്ട സ്ഥിതിയിലേക്ക് സർക്കാറിനെയും അതിന്റെ സംവിധാനങ്ങളെയും രാഹുൽ ഗാന്ധി കൊണ്ടെത്തിച്ചിരിക്കുന്നു. ശരിക്കും ഗ്യാനേഷ് പരുങ്ങുമ്പോൾ വിരണ്ടുപോകുന്നത് അവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.