കഴിഞ്ഞ 11 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് ഞങ്ങളാണ്; പാർട്ടി സ്ഥാപക ദിനത്തിൽ അരവിന്ദ് കെജ്‌രിവാൾ

ന്യുഡൽഹി: ആം ആദ്മി പാർട്ടി സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകർക്ക് ആശംസകൾ നേർന്ന് ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. എ.എ.പി ഏറ്റവും വേഗത്തിൽ വളരുന്ന പാർട്ടിയാണെന്നും കഴിഞ്ഞ 11 വർഷത്തിനിടെ എതിരാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിട്ട പാർട്ടിയാണെന്നും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

"ഈ 11 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് ഞങ്ങളാണ്. ഇ.ഡി, സി.ബി.ഐ, ഡൽഹി പൊലീസ് തുടങ്ങിയ എല്ലാ അന്വേഷണ ഏജൻസികളെയും ഞങ്ങൾക്കെതിരെ അഴിച്ചുവിട്ടിരിക്കുന്നു. 250-ലധികം കേസുകൾ ഞങ്ങൾക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു പൈസ പോലും അനധികൃതമായി സമ്പാദിച്ചതായി അവർക്ക് കണ്ടെത്താനായില്ല,"- അദ്ദേഹം പറഞ്ഞു.

സന്തോഷകരമായ ദിവസമാണെങ്കിലും സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദർ ജെയിൻ എന്നിവരെ ഓർത്ത് തനിക്ക് അൽപ്പം സങ്കടമുണ്ടെന്നും അവർ ഒപ്പമില്ലാത്ത ആദ്യ സ്ഥാപക ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു. അവർക്കെതിരെ കള്ളക്കേസുകൾ ചുമത്തിയെങ്കിലും അവർ തകർന്നും പോയില്ല. അവരുടെ കുടുംബങ്ങളും ഉറച്ചുനിന്നു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകൾ നൽകി തകർക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുവെന്നും തലകുനിക്കാത്ത നേതാക്കളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എക്സിൽ പങ്കുവെച്ച പോസ്റ്റിലും അദ്ദേഹം കഴിഞ്ഞ 11 വർഷത്തെ ആം ആദ്മി പാർട്ടിയുടെ യാത്രയെ കുറിച്ച് വ്യക്തമാക്കിയിരുന്നു. 11 വർഷത്തിനുള്ളിൽ നിരവധി ഉയർച്ചകളും താഴ്ചകളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രവർത്തകരുടെ ഊർജത്തിനും അഭിനിവേശത്തിലും ഒരു കുറവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പാർട്ടിയെ ജനങ്ങൾ അവരുടെ സ്നേഹവും അനുഗ്രഹവും കൊണ്ട് ദേശീയ പാർട്ടിയാക്കി മാറ്റിയിരിക്കുന്നുവെന്നും പാർട്ടി ശക്തമായ ഉദ്ദേശത്തോടെ മുന്നോട്ട് പോകുകയും പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - Arvind Kejriwal wishes workers on Aam Aadmi Party foundation day, misses jailed colleagues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.