രൺധീർ ജയ്‌സ്വാൾ
ന്യൂഡൽഹി:അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് ചൈന നൽകിയ പുതിയ പേരുകളെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. ചൈനയുടെ ഇത്തരം ‘കുസൃതി നിറഞ്ഞ ശ്രമങ്ങൾ’ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യാഥാർത്ഥ്യത്തെ ഒട്ടും ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകിയ പട്ടിക പുറത്തുവിട്ടതിനെ തുടർന്നാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യയുടെ ഭാഗമായ സ്ഥലങ്ങൾക്ക് സാങ്കൽപ്പിക പേരുകൾ നൽകാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
'അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ ഭാഗമായിരുന്നു, ഇനിയും അങ്ങനെ തന്നെ തുടരും. അടിസ്ഥാനരഹിതമായ പേരുകൾ നൽകിയതുകൊണ്ടോ വ്യാജമായ അവകാശവാദങ്ങൾ ഉന്നയിച്ചതുകൊണ്ടോ ഈ യാഥാർത്ഥ്യം മാറാൻ പോകുന്നില്ലെന്ന്' രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഇത്തരം നടപടികൾ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നും ജയ്‌സ്വാൾ മുന്നറിയിപ്പ് നൽകി.
പാക് അധീന കശ്മീരിനും ലഡാക്കിനും സമീപമുള്ള സിൻജിയാങ് പ്രവിശ്യയിലാണ് ചൈന പുതിയൊരു ഭരണവിഭാഗം രൂപീകരിച്ചത്. 'സെൻലിങ് എന്നാണ് ഇതിന്റെ പേര്. തന്ത്രപ്രധാനമായ കാരക്കോറം പർവതനിരകൾക്കും അഫ്ഗാനിസ്താനിലെ വാഖാൻ ഇടനാഴിക്കും അടുത്താണ് ഈ ഭരണവിഭാഗം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.