കരസേന മേധാവി നിയമനം: രാഷ്ട്രീയവത്കരിക്കരുതെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: പുതിയ കരസേനാ മേധാവിയുടെ നിയമനം രാഷ്ട്രീയവത്കരിക്കരുതെന്ന് ബി.ജെ.പി. സൈന്യത്തിന് രാഷ്ട്രീയമില്ളെന്നും അതുകൊണ്ടുതന്നെ സൈനിക നിയമനത്തെക്കുറിച്ച് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പാടില്ളെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു. അതേസമയം, രാഷ്ട്രീയവത്കരിക്കുകയല്ല, മറിച്ച് ന്യായമായ സംശയം ഉന്നയിക്കുകമാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സീനിയോറിറ്റി ലംഘിച്ച് കരസേന മേധാവിയെ നിയമിക്കുമ്പോള്‍ അത് നിര്‍ബന്ധിതമാക്കുന്ന സാഹചര്യം എന്താണെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

നിയമനത്തിന് പിന്നിലെ മോദി സര്‍ക്കാറിന്‍െറ ലക്ഷ്യവും മനോഭാവവും എന്താണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യുറോ കുറ്റപ്പെടുത്തി. ഏറ്റവും സീനിയറായ ആള്‍ കരസേന മേധാവിയാവുകയെന്ന കാലങ്ങളായി തുടരുന്ന കീഴ്വഴക്കമാണ്  ലംഘിക്കപ്പെട്ടതെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. മൂന്നുപേരെ മറികടന്നാണ് പുതിയ കരസേന മേധാവിയായി ബിപിന്‍ റാവത്തിനെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്.

സതേണ്‍ കമാന്‍ഡ് തലവനും മലയാളിയുമായ ലഫ്. ജനറല്‍ പി.എം. ഹാരിസ്,  ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി, സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ബി.എസ്. നേഗി എന്നിവരെ തഴഞ്ഞാണ് ബിപിന്‍ റാവത്തിനെ മേധാവിയാക്കിയത്. കോഴിക്കോട് സ്വദേശിയാണ് ലഫ.് ജനറല്‍ പി.എം. ഹാരിസ്. കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹഗ് ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലാണ് ബിപിന്‍ റാവത്തിന്‍െറ നിയമനം.

 

Tags:    
News Summary - Army-Chief-Bipin-Rawat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.