പട്ന: തങ്ങളെ കൂടെക്കൂട്ടിയാൽ ഹിന്ദു വോട്ടുകൾ കിട്ടില്ല എന്നു പറയുന്ന ജെ.ഡി.യുവിന്റെ സമീപനവും ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണെന്ന് എ.ഐ.എം.ഐ.എം നേതാവും സീമാഞ്ചലിലെ വിജയ ശിൽപിയുമായ അസദുദീൻ ഉവൈസി. ഹിന്ദുത്വം, മൃദുഹിന്ദുത്വം എന്ന വേർതിരിവൊന്നുമില്ല. രണ്ടും ഹിന്ദുത്വം തന്നെയാണ്.
മുസ്‍ലിംകൾ എന്താ അടിമവേലക്കാരാണോ, ബി.ജെ.പിയുടെ തേരോട്ടം തടയേണ്ട ഉത്തരവാദിത്തം മുസ്‍ലിംകൾക്കു മാത്രമാണോ എന്നും അസദുദീൻ ഉവൈസി ചോദിക്കുന്നു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
ജെ.ഡി.യുവിന് ജാതി തിരിച്ച് വോട്ടു പിടിക്കുന്നതിലും സ്ഥാനാർഥികളെ നിർത്തുന്നതിലും ബുദ്ധിമുട്ടില്ല. എന്നാൽ മുസ്ലിംകളെ പന്തുണക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. കോൺഗ്രസും എല്ലാ ജാതിക്കാർക്കും സീറ്റ് കൊടുക്കുന്നു. അവരോടെല്ലാം ഇവർ പറയുന്നത് ബി.ജെ.പി വരാതിരിക്കാൻ ഞങ്ങൾക്ക് വോട്ടുചെയ്യണം എന്നാണ്.
അപ്പോൾപിന്നെ മുസ്‍ലിംകൾ എന്താ അടിമവേലക്കാരാണോ? ഞങ്ങൾക്ക് ഞങ്ങളോട് ഉത്തരവദിത്തമില്ലേ. ഞങ്ങളുടെ വീടുകൾ എന്നും ഇരുട്ടിൽ കഴിയണമെന്നാണോ? ഞങ്ങളുടെ കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാകണമെന്നാണോ? എന്നിട്ട് നിങ്ങൾക്ക് ഭരിക്കാൻ കൊട്ടാരം കെട്ടിത്തരണോ? ഉവൈസി ചോദിക്കുന്നു.
ഞങ്ങളോട് ചേർന്നു നിന്നാൽ ഹിന്ദു വോട്ടുകൾ കിട്ടില്ല എന്നു പറഞ്ഞ് ഞങ്ങളെ മാറ്റി നിർത്തിയവർക്ക് ഇപ്പോൾ എന്താണ് ഒടുവിൽ കിട്ടിയത് എന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം തങ്ങൾ സീമാഞ്ചലിൽ വിജയിച്ചപ്പോൾ ‘മഹാഗഡ്ബന്ധൻ’ ഞങ്ങളുടെ നാല് എം.എൽ.എമാരെ അടർത്തിയെടുത്തു. അതോടെ ഞങ്ങൾ തീർന്നു എന്നവർ കരുതി. അന്നും ഞാൻ പറഞ്ഞു ഞങ്ങൾക്ക് കിട്ടിയ വോട്ട് പാർട്ടിക്കുളളതാണ് അല്ലാതെ വ്യക്തിക്ക് കിട്ടിയതല്ല എന്ന്. അപ്പോഴും അക്തറുൽ ഇമാം ജനങ്ങൾക്കുവേണ്ടി നിയമസഭയിൽ പോരാടി. ഞങ്ങളുടെ പ്രവർത്തകൾ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലും ഞങ്ങൾക്ക് രണ്ടു ലക്ഷത്തിലേറെ വോട്ട് ലഭിച്ചു.
ഞങ്ങൾ മാത്രമാണ് സീമാഞ്ചലിനുവേണ്ടി പ്രവർത്തിക്കുന്നത്. മറ്റെല്ലാ പാർട്ടികളും ഇവിടം നശിപ്പിക്കാൻ പ്രവർത്തിക്കുന്നവരാണ്. ഞങ്ങൾ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടി. അതുകൊണ്ടാണ് ഞങ്ങൾ അഞ്ചിടത്ത് ജയിക്കുകയും ഒരിടത്ത് വെറും 350 വോട്ടുകൾക്ക് പാരജയപ്പെടുകയും ചെയ്തത്-ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.