ദേശീയ പ്രാധാന്യം ഇല്ലെന്ന്; 18 സ്മാരകങ്ങളുടെ സംരക്ഷിത പദവി ഒഴിവാക്കി എ.എസ്.ഐ

ന്യൂഡൽഹി: ദേശീയ പ്രാധാന്യം ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് 18 സ്മാരകങ്ങളെ സംരക്ഷിത പദവിയിൽ നിന്ന് ഒഴിവാക്കാൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) തീരുമാനിച്ചു. ദേശീയ പ്രാധാന്യം, വാസ്തുവിദ്യ, പൈതൃകം എന്നിവ അടിസ്ഥാനമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള സ്മാരകങ്ങളെ തരംതിരിക്കാന്‍ പാര്‍ലമെന്ററി പാനലിന്റെ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് ഈ നീക്കം. ഒരു നാടിന്റെ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റേയും അടയാളപ്പെടുത്തലാണ് ചരിത്രനിര്‍മിതികളും സ്മാരകങ്ങളും. എന്നാൽ അവ സംരക്ഷിക്കുന്നതിൽ വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടുണ്ടോ എന്ന് പുനപരിശോധിക്കേണ്ട കാര്യമാണ്.

ഉത്തർപ്രദേശിൽ ഒമ്പത് സ്മാരകങ്ങളും ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ രണ്ട് വീതവും അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്മാരകങ്ങളുമാണ് പട്ടികയിലുള്ളത്. ഈ മാസം ആദ്യം തന്നെ ഗസറ്റ് വിജ്ഞാപനത്തിൽ സ്മാരകങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ 100 ​​മീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. മാത്രമല്ല 200 മീറ്ററിനുള്ളിൽ എന്തെങ്കിലും അറ്റകുറ്റപ്പണികൾക്കോ ​​പരിഷ്കാരങ്ങൾക്കോ ​​മുൻകൂർ അനുമതി ആവശ്യമാണ്. സെക്ഷൻ 35 പ്രകാരം ദേശീയ പ്രാധാന്യം ഇല്ലെന്ന് കരുതുന്ന സ്മാരകങ്ങൾ ഡീലിസ്റ്റ് ചെയ്യാനുള്ള അധികാരം എ.എസ്.ഐക്ക് ഉണ്ട്.

ഡല്‍ഹിയിലെ ബാരാ ഖംബ സെമിത്തേരി, അരുണാചൽ പ്രദേശിലെ കോപ്പർ ടെമ്പിൾ, ഹരിയാനയിലെ മുജേസര്‍ ഗ്രാമത്തിലെ കോസ് മിനാര്‍ നമ്പര്‍ 13, ഝാന്‍സിയിലെ റംഗൂണിലെ ഗണ്ണര്‍ ബര്‍ക്കിലിന്റെ ശവകുടീരം, ലഖ്നൗവിലെ ഗൗഘട്ടിലെ സെമിത്തേരി, ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ടെലിയ നള ബുദ്ധ അവശിഷ്ടങ്ങളുള്‍പ്പെടെയുള്ള സ്മാരകങ്ങളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. പട്ടികയില്‍ നിന്ന് പുറത്താകുന്നതോടെ ഈ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സിക്ക് ബാധ്യതയുണ്ടാകില്ല. കൂടാതെ സ്മാരകം സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റ് പ്രവൃത്തികള്‍ക്കോ ഇനി തടസമുണ്ടാകില്ല.

3,693 സ്മാരകങ്ങളാണ് നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിധിയില്‍ വരുന്നത്. ഡീലിസ്റ്റിങ് പൂര്‍ത്തിയാകുന്നതോടെ അത് 3,675 ആയി കുറയും. കേന്ദ്ര സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെട്ട 3,693 സ്മാരകങ്ങളില്‍ 50 എണ്ണം കാണാതായതായി കഴിഞ്ഞ ഡിസംബര്‍ എട്ടിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അറിയിച്ചിരുന്നു. ഇതില്‍ 14 എണ്ണം പെട്ടെന്നുള്ള നഗരവല്‍ക്കരണം മൂലവും 12 എണ്ണം റിസര്‍വോയറുകളാലോ അണക്കെട്ടുകളാലോ മുങ്ങിപ്പോയതുകൊണ്ടും ഇല്ലാതായതാണ്. 24 എണ്ണം കണ്ടെത്താനായിട്ടില്ല. വിദൂര സ്ഥലങ്ങളും നിബിഡവനങ്ങളും കാരണം സ്മാരകങ്ങൾ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകളും അവയ്ക്ക് ശരിയായ സ്ഥാനം ലഭ്യമല്ലാത്തതുമാണ് കഴിഞ്ഞ വർഷം പാർലമെൻ്റിന് കേന്ദ്രം നൽകിയ കാരണങ്ങളിൽ ചിലത്.

Tags:    
News Summary - Archaeological Survey of India set to remove 18 monuments from protected status citing lack of national importance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.