ഗ്യാനേഷ് കുമാറിനെതിരെ മുൻ തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ; ‘എസ്.ഐ.ആർ അനാവശ്യം, വിവാദങ്ങൾ അരോചകവും ആശങ്കാജനകവും’
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ അരോചകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് മുൻ തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ. എസ്.ഐ.ആർ നടപടി അനാവശ്യമായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് മുൻ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ആഭ്യന്തരമായ അഭിപ്രായവ്യത്യാസങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ അവ പരസ്യമായതോടെ ഗൗരവകരമാണ്. വിവാദങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ വ്യക്തത വരുത്താൻ കമീഷൻ ഔദ്യോഗികമായി രംഗത്തുവരേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ, യാഥാർഥ്യം എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല. സുതാര്യത കുറയുന്നത് വിശ്വാസ്യതയെ ബാധിക്കും.
എസ്ഐആർ (SIR) ഉത്തരവിന്റെ ഭാഗമായി 'ഫോം 6'-ൽ ഇസിഐ ഏകപക്ഷീയമായി വരുത്തിയ മാറ്റങ്ങൾ അവരുടെ അധികാരപരിധിയിൽ വരുന്നതല്ല. അതിൽ മാറ്റങ്ങൾ വരുത്താൻ സർക്കാരിന് മാത്രമേ അധികാരമുള്ളൂ. എങ്ങനെയാണ് ആ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് ഇന്നും നമുക്കറിയില്ല. വിവാദമായതോടെ ഇസിഐ നൽകിയ വിശദീകരണത്തിൽ, ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചിരുന്നു എന്ന് പറയുന്നുണ്ട്. എന്നാൽ, സർക്കാരിന്റെ അനുമതിയോടെയാണ് മാറ്റങ്ങൾ വരുത്തിയതെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
എസ്.ഐ.ആർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പിന്തുടരുന്ന മുഴുവൻ പ്രക്രിയയിലും പിഴവുകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എസ്.ഐ.ആർ നടപടി അനാവശ്യമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് അത് നടപ്പിലാക്കിയ രീതി. എസ്.ഐ.ആറിന്റെ മൂന്ന് ഘട്ടങ്ങളും നടപ്പിലാക്കിയപ്പോൾ പല പോരായ്മകളും ഉണ്ടായിരുന്നു. എസ്.ഐ.ആർ നടത്താൻ ഭരണഘടനാപരമായ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് സുപ്രീം കോടതി ശരിവെച്ചത് ആ അധികാരം നീതിയുക്തമായി വിനിയോഗിക്കണം എന്ന നിബന്ധനയോടെയായിരുന്നു’ -അദ്ദേഹം പറഞ്ഞു.
കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് 14 തവണ വിയോജനക്കുറിപ്പുകൾ അയച്ചത് അസാധാരണ നടപടിയാണെന്ന് അദ്ദേഹം മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കമ്മീഷനിൽ എല്ലാ തീരുമാനങ്ങളും ഗ്യാനേഷ് കുമാർ ഒറ്റയ്ക്കാണോ എടുത്തതെന്ന കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ലവാസ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തനങ്ങളിൽ വിയോജിപ്പുകൾ രേഖപ്പെടുത്തി കത്തുകൾ നൽകേണ്ടി വരുന്നത് കാര്യങ്ങൾ സാധാരണ നിലയിലല്ല എന്നതിന്റെ തെളിവാണ്. നിയമപ്രകാരം കമ്മീഷൻ തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷ തീരുമാനപ്രകാരമോ ആണ് എടുക്കേണ്ടത്. എന്നാൽ പ്രധാന തീരുമാനങ്ങളെല്ലാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമായി എടുത്തെന്ന തരത്തിലുള്ള ആക്ഷേപങ്ങളിൽ ഗ്യാനേഷ് കുമാർ വ്യക്തത വരുത്തണം.
സമൂഹത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടക്കുമ്പോൾ, ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്തുനിന്ന് സ്വയം മാറിനിൽക്കുന്നതിനെക്കുറിച്ച് ഗ്യാനേഷ് കുമാർ തന്നെ ചിന്തിക്കേണ്ടതുണ്ടെന്നും അശോക് ലവാസ പ്രതികരിച്ചു. ജനാധിപത്യത്തിൽ ആളുകൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും, കമ്മീഷണറുടെ മാറ്റം സംബന്ധിച്ച കാര്യങ്ങളിൽ നിയമപരമായ നടപടിക്രമങ്ങൾ ഉണ്ടെങ്കിലും സ്വമേധയാ അത്തരമൊരു തീരുമാനം എടുക്കുന്നത് സംബന്ധിച്ച് അദ്ദേഹം ആലോചിക്കണമെന്നും ലവാസ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.