ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം സംബന്ധിച്ച കേസ് പരമോന്നത കോടതിയുടെ പരിഗണനയിലിരിക്കെ പുതിയ നിയമനം നടത്തിയ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നിയമനത്തിനെതിരായ ഹരജികൾ നിലനിൽക്കെ പുതിയ നിയമനം നടത്തിയത് നീതിവ്യവസ്ഥയെ കൊഞ്ഞനംകുത്തുന്നതിന് തുല്യമെന്ന് പ്രശാന്ത് ഭൂഷൺ പരാമർശിച്ചു.
41മതായി പരിഗണിക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമന നിയമ ഭേദഗതി കേസ് ആദ്യ കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം, നാളെ ഹരജി കേൾക്കുമ്പോൾ പുതിയ നിയമനം അടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കമീഷണർമാരുടെ നിയമനം സംബന്ധിച്ച നിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ കൃത്യമായ കാരണമുണ്ടെന്ന് വ്യക്തമാക്കിയ ജഡ്ജി, നാളെ കേസ് കേൾക്കുമ്പോൾ വാദമായി ഇക്കാര്യം ഉന്നയിക്കാമെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷണർമാരെ തെരഞ്ഞെടുക്കാനുള്ള സെലക്റ്റ് കമ്മിറ്റിയുടെ ഘടന മാറ്റിയ നിയമ ഭേദഗതിക്കെതിരായ ഹരജികളാണ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുക. തെരഞ്ഞെടുപ്പ് കമീഷണർമാരെ തെരഞ്ഞെടുക്കാനുള്ള പ്രധാനമന്ത്രി അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റി പകരം ആഭ്യന്തര മന്ത്രി അമിത് ഷായെ നിയമിക്കുന്നതിന് വഴിവെച്ച നിയമ ഭേദഗതിയാണ് ഹരജിക്കാർ ചോദ്യം ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം സംബന്ധിച്ച കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഇന്നലെ തിരക്കിട്ട് മൂന്നംഗ സെലക്റ്റ് കമ്മിറ്റി യോഗം ചേർന്ന് ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ തിങ്കളാഴ്ച വിരമിച്ചതിനെ തുടർന്നാണ് പുതിയ ആളെ തെരഞ്ഞെടുക്കാൻ അതേദിവസം പ്രധാനമന്ത്രി സെലക്റ്റ് കമ്മിറ്റി യോഗം വിളിച്ചത്.
കേസ് സുപ്രീംകോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ തെരഞ്ഞെടുക്കാനുള്ള സെലക്റ്റ് കമ്മിറ്റി യോഗം മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യം തള്ളിയ പ്രധാനമന്ത്രിയും അമിത് ഷായും രാഹുലിനെ ഇരുത്തി യോഗവുമായി മുന്നോട്ടു പോവുകയായിരുന്നു.
അതേസമയം, ബി.ജെ.പിയുടെ ഇഷ്ടഭാജനമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിലെത്തിയ 1988ലെ കേരള കേഡർ ഐ.എ.എസ് ഉദ്യേഗസ്ഥനായ ഗ്യാനേഷ് കുമാർ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറാകുമെന്നാണ് വിവരം. അമിത് ഷാക്ക് കീഴിൽ ആഭ്യന്തര മന്ത്രാലയത്തിൽ കശ്മീർ ഡിവിഷൻ ചുമതലയുള്ള ജോയന്റ് സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാർ ജമ്മു- കശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിൽ നിർണായക പങ്കുവഹിച്ച ഐ.എ.എസ് ഓഫിസറാണ്.
അയോധ്യ രാമക്ഷേത്ര നിർമാണത്തിനുള്ള ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റുണ്ടാക്കിയതിലും നിർണായക പങ്കുവഹിച്ചു. 61കാരനായ ഗ്യാനേഷ് കുമാർ ന്യൂഡൽഹി കേരള ഹൗസിൽ റസിഡന്റ് കമീഷണറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.