'എന്‍റെ മകൾക്ക് നീതി ഉറപ്പാക്കാനും സർക്കാറിനെ പുറത്താക്കാനും വേണ്ടി'; ബംഗാളിൽ ബി.ജെ.പി സ്ഥാനാർഥിയാകാൻ ആർ.ജി. കർ പെൺകുട്ടിയുടെ അമ്മ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആർ.ജി. കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ. ടി.എം.സി സർക്കാറിനെ താഴെയിറക്കാനുള്ള രാഷ്ട്രീയ മാർഗം സ്വീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.

നോർത്ത് 24 പർഗാനാസിലെ പാനിഹതി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സാധ്യതയുണ്ടെന്നും ബി.ജെ.പി ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാമത്തെ സ്ഥാനാർഥി പട്ടികയിൽ പേര് ഉൾപ്പെട്ടേക്കാമെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിയിൽ നിന്ന് നേരത്തെ ഓഫർ ലഭിച്ചിരുന്നെങ്കിലും ആ സമയത്ത് മാനസികമായി തയാറായിരുന്നില്ല എന്ന് അവർ പറഞ്ഞു.

'എനിക്ക് വളരെ മുമ്പേ ബി.ജെ.പിയിൽ നിന്ന് ഒരു ഓഫർ ലഭിച്ചിരുന്നു. പക്ഷേ അന്ന് ഞാൻ മാനസികമായി തയാറായിരുന്നില്ല. ആഭ്യന്തരമന്ത്രിയുടെ ഭരണം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ അത് സ്വീകരിച്ച് മത്സരിക്കാൻ തീരുമാനിച്ചു' -എന്ന് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മമത ബാനർജിയെ പരാമർശിച്ച് അവർ പറഞ്ഞു.

തന്‍റെ മകളുടെ കേസിൽ അന്വേഷണവും നീതിന്യായ പ്രക്രിയയും തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചുവെന്ന് അവർ ആരോപിച്ചു. 'എന്റെ മകൾക്ക് നീതി ഉറപ്പാക്കാനും ഈ സർക്കാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനും വേണ്ടിയാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്' -അവർ പറഞ്ഞു. ബി.ജെ.പി നേതാവ് അർജുൻ സിങ് അടുത്തിടെ മരിച്ച ഡോക്ടറുടെ മാതാപിതാക്കളെ സന്ദർശിച്ചിരുന്നു. ടി.എം.സി സർക്കാറിനെ അധികാരം നിലനിർത്താൻ സി.പി.എം രഹസ്യമായി സഹായിക്കുകയാണെന്ന് ഇരയുടെ മാതാപിതാക്കൾ ആരോപിച്ചു.

2024 ആഗസ്റ്റിൽ ആർ.ജി കർ മെഡിക്കൽ കോളജിൽ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു. 

Tags:    
News Summary - RG Kar rape victim’s mother eyes BJP ticket in West Bengal polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.