ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് യാത്രക്കാരൻ. ഗുരുഗ്രാം സ്വദേശിയും ഡോക്ടറുമായ തുഷാർ മേത്തയാണ് തനിക്കുണ്ടായ അനുഭവം എക്സിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ പോസ്റ്റ് വൈറലായി.
'സെക്യൂരിറ്റി പരിശോധനക്കു ശേഷം, ഞാൻ ലാപ്‌ടോപ്പ് ബാഗിലേക്ക് സാധനങ്ങൾ തിരികെ വെക്കാൻ തുടങ്ങി. എന്തോ നഷ്ടപ്പെട്ടതായി തോന്നി, എന്റെ കൈയിൽ വാച്ച് ഇല്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവിടെ നിന്നിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനോട് ചോദിച്ചു. അയാൾ എന്നോട് വീണ്ടും നോക്കാൻ ആവശ്യപ്പെട്ടു' -തുഷാർ പോസ്റ്റിൽ പറയുന്നു
നടന്നു പോകുന്ന ഒരാൾ തിരിഞ്ഞു നോക്കുന്നത് കണ്ട് അയാളെ പിന്തുടർന്നു. വാച്ച് കടക്ക് മുന്നിൽ നിന്ന അയാളെ പരിശോധിച്ചപ്പോൾ വാച്ച് തിരികെ ലഭിച്ചു. എന്നാൽ വാച്ച് കടയിലുള്ളയാൾ ഇടപെട്ടപ്പോൾ മോഷ്ടാവ് രക്ഷപ്പെട്ടു. പിന്നീട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ വാച്ച് കടക്കാരനുമായി വന്ന് മോശമായി പെരുമാറിയതിന് അയാളോട് മാപ്പ് പറയാൻ എന്നോടാവശ്യപ്പെട്ടു. പരിചയക്കാരനായ മുതിർന്ന ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചാണ് സാഹചര്യത്തെ നേരിട്ടത്'-അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷാ പരിശോധനക്കിടയിൽ നിങ്ങളുടെ സാധനങ്ങൾ നിങ്ങൾ തന്നെ സൂക്ഷിക്കുക എന്ന് പറഞ്ഞാണ് മേത്ത തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. വിമാനം ഇറങ്ങിയ ശേഷം തന്നെ പരാതി നൽകിയതായും തുഷാർ മേത്ത അറിയിച്ചു. വിമാനത്താവളത്തിൽ ഉണ്ടായ അസൗകര്യത്തിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു.
നിങ്ങളുടെ വാച്ച് മോഷ്ടിക്കപ്പെട്ടതും തുടർന്നുള്ള സംഭവങ്ങളും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പോസ്റ്റിനോട് പ്രതികരിച്ച വിമാനത്താവള അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.