ന്യൂഡൽഹി: ഡൽഹിയിലെ പരാജയത്തിന് പിന്നാലെ എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് ബോളിവുഡ് നടൻ അനുപം ഖേർ. കെജ്രിവാളിന്റെ പതനത്തിന് കാരണം കശ്മീരി ഹിന്ദുക്കൾക്കെതിരായ പരാമർശമാണെന്ന് അനുപം ഖേർ പറഞ്ഞു.
ആരെയും വേദനിപ്പിക്കുന്നത് ശരിയല്ല. പക്ഷേ, അനീതിക്ക് ഇരയായവരെ നോക്കി ചിരിക്കുക, അവരുടെ വേദനകളെ കളിയാക്കുക, അവരുടെ ആത്മാവിനെ വേദനിപ്പിക്കുക. ഇതെല്ലാം മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ഭേദിക്കുന്ന പ്രവർത്തിയാണ്. ഈയൊരു സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളിൽ നിന്ന് ശാപമുണ്ടാകുന്നു. അതാണ് ചിത്രത്തിലുള്ളവരെ ബാധിച്ചതെന്ന് അരവിന്ദ് കെജ്രിവാളിന്റെ ചിത്രം പങ്കുവെച്ച് അനുപം ഖേർ പറഞ്ഞു. ഇതാണ് വിധിയുടെ നിയമം. ഡൽഹി നിയമസഭയിൽ ഇവർ ചിരിച്ച ദിവസം ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകൾ കരയുകയായിരുന്നുവെന്നും അനുപം ഖേർ പറഞ്ഞു.
2022ൽ കശ്മീർ ഫയൽസ് നികുതിരഹിതമാക്കണമെന്ന ബി.ജെ.പി ആവശ്യം കെജ്രിവാൾ നിരാകരിച്ചിരുന്നു. ഇത് മുൻനിർത്തിയാണ് അനുപം ഖേറിന്റെ പ്രസ്താവന. തന്നെ സംബന്ധിച്ചടുത്തോളം സിനിമ പ്രധാനമല്ല. എന്നാൽ, അത് ബി.ജെ.പിക്ക് പ്രാധാന്യമുള്ളതായിരിക്കും. നിങ്ങൾ ദയവായി വിവേക് അഗ്നിഹോത്രിയോട് സിനിമ യുട്യൂബിൽ റിലീസ് ചെയ്യാൻ പറയുവെന്നായിരുന്നു നികുതി ഒഴിവാക്കണമെന്ന ആവശ്യത്തോടുള്ള നിയമസഭയിലെ കെജ്രിവാളിന്റെ മറുപടി.
കശ്മീർ ഫയൽസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കെജ്രിവാൾ ഉന്നയിച്ചത്. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിന് പകരം ഗിമ്മിക്കുകളാണ് ബി.ജെ.പി നടത്തുന്നതെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഡൽഹി തെരഞ്ഞെടുപ്പിൽ വലിയ പരാജയം കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി ഏറ്റുവാങ്ങിയിരുന്നു. ആകെയുള്ള 70 സീറ്റുകളിൽ 22 എണ്ണത്തിൽ മാത്രം ജയിക്കാനാണ് അവർക്ക് സാധിച്ചത്. കെജ്രിവാൾ, മനീഷ് സിസോദിയ പോലുള്ള പ്രമുഖർക്ക് തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.