ഭരണവിരുദ്ധമോ തീവ്ര ഹിന്ദുത്വമോ ? ഗുജറാത്തിൽ അവസാന ഘട്ട പ്രചാരണം അവസാനിച്ചു

ഭരണവിരുദ്ധ വികാരത്തെ തീവ്ര ഹിന്ദുത്വം കൊണ്ട് എതിരിട്ട് ബി.ജെ.പി ഒരിക്കൽകൂടി ഗുജറാത്ത് പിടിക്കുമോ? സ്വന്തമായി ഭരണത്തിലേറാനുള്ള ശേഷിയില്ലാത്ത ആം ആദ്മി പാർട്ടി കോൺഗ്രസിനും ബി.ജെ.പിക്കുമിടയിലെ 'കറുത്ത കുതിര'യാകുമോ? രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിന് 93 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ ഈ ചോദ്യമാണ് ഗുജറാത്തിലുയരുന്നത്. കാടിളക്കിയ പ്രചാരണം കൊണ്ട് ബി.ജെ.പിയും ആപ്പും തമ്മിലാണ് മത്സരമെന്ന് തോന്നിച്ച ഒന്നാം ഘട്ടത്തിൽനിന്ന് വ്യത്യസ്തമായി ഗുജറാത്തിൽ അവസാന ഘട്ട വോട്ടെടുപ്പ് കോൺഗ്രസും ബി.ജെ.പിയും തമ്മിൽ തന്നെയാണ്.

മധ്യ, വടക്കൻ ഗുജറാത്തുകളിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് ഈ മാസം അഞ്ചിന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ ബി.ജെ.പിക്കും കോൺഗ്രസിനും ആപ്പിനും പുറമെ ബി.എസ്.പി, അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ, എസ്.പി, സി.പി.എം, സി.പി.ഐ എന്നിവരടക്കം 60ഓളം പാർട്ടികളുമുണ്ട്. സ്വതന്ത്രരടക്കം 833 സ്ഥാനാർഥികളുടെ വിധി ഈ ഘട്ടത്തിൽ നിർണയിക്കും.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മത്സരിക്കുന്ന ഘട് ലോഡിയ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലമാണ്. മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ മത്സരിച്ച ഇവിടെ കോൺഗ്രസ് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ അമി യാഗ്നികിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ പാട്ടീദാർ സമര നേതാവ് ഹർദിക് പട്ടേൽ മത്സരിക്കുന്ന വീരംഗം, മത്സര രംഗത്തുനിന്ന് പിന്മാറിയ മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്റെ മണ്ഡലമായ മെഹ്സാന, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്ര മോദിയും കഴിഞ്ഞ തവണ ശ്വേത ഭട്ടും മത്സരിച്ചിരുന്ന മണിനഗർ, 5000ത്തിൽ താഴെ വോട്ടുകൾക്ക് മാറിമറിയുന്ന ഗാന്ധി നഗർ നോർത്ത് തുടങ്ങിയവയും രണ്ടാം ഘട്ടത്തിൽ ശ്രദ്ധേയമായ മണ്ഡലങ്ങളാണ്.

വടക്കൻ ഗുജറാത്തിലെ ആറുജില്ലകളിലായി കിടക്കുന്ന 32 മണ്ഡലങ്ങളിൽ കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും ഭൂരിഭാഗവും കോൺഗ്രസിനൊപ്പമായിരുന്നു. രണ്ടു തെരഞ്ഞെടുപ്പുകളിലും 17 സീറ്റുകൾ വീതം കോൺഗ്രസ് നേടി. വദ്ഗാമിൽ സ്വതന്ത്രനായി വിജയിച്ച ജിഗ്നേഷ് മേവാനി ഇത്തവണ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിയാണ്.

സിറ്റിങ് എം.എൽ.എമാരിൽ 11 പേർക്കും കോൺഗ്രസ് ഇവിടെ സീറ്റ് നൽകിയപ്പോൾ ബി.ജെ.പി, ഭരണവിരുദ്ധ വികാരം ഭയന്ന് 14 എം.എൽ.എമാരിൽ ആറുപേർക്ക് മാത്രമാണ് ടിക്കറ്റ് നൽകിയത്. ഡിസംബർ ഒന്നിന് സൗരാഷ്ട്ര, കച്ച്, തെക്കൻ ഗുജറാത്ത് മേഖലകളിലെ 89 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പ്രാഥമിക കണക്കുകൾ പ്രകാരം 63.31 ശതമാനമാണ് പോളിങ്.

Tags:    
News Summary - Anti-government or extreme Hinduism? The last phase of campaigning has ended in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.