മോദി തുറന്നുവിട്ട ഒരു ചീറ്റ കൂടി ചത്തു; അഞ്ചുമാസത്തിനിടെ ജീവൻ നഷ്ടമായത് ഏഴ് ചീറ്റകൾക്ക്

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക താൽപര്യമെടുത്ത് ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളിൽ ഒന്നുകൂടി ചത്തു. ഇതോടെ, മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പാർപ്പിച്ച ഏഴ് ചീറ്റകൾക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ‘തേജസ്’ എന്നു പേരിട്ട ചീറ്റ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചത്തതെന്ന് പാർക്ക് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന മൂന്ന് വലിയ ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും ഇതിനകം ഇവിടെ ചത്തിട്ടുണ്ട്. പാർക്കിൽ ഇന്ന് പുതുതായി രണ്ട് ചീറ്റകളെ കൂടി തുറന്നുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം. ഇതോടെ കാട്ടിലെ ആകെ ചീറ്റകളുടെ എണ്ണം 11 ആയി.

ഇന്ന് ചത്ത ചീറ്റയുടെ കഴുത്തിന് മുകൾ ഭാഗത്ത് പരിക്കേറ്റതിന്റെ പാടുകൾ രാവിലെ 11 മണിക്ക് നിരീക്ഷണ സംഘം കണ്ടെത്തിയിരുന്നു. ഉടൻ തന്നെ പല്പൂർ വൈൽഡ് ലൈഫ് വെറ്ററിനറി ഡോക്ടർമാരെ വിവരം അറിയിച്ചിരുന്നു. മൃഗഡോക്ടർമാർ സംഭവസ്ഥലത്തെത്തി പ്രഥമ ശുശ്രൂഷ നൽകാനും ചികിത്സിക്കാനും തയ്യാറെടുപ്പ് നടത്തുന്നതിനിടെ രണ്ടു മണിയോടെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോർട്ടത്തിലൂടെ മരണകാരണം വ്യക്തമാകുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 17 നാണ് എട്ട് നമീബിയൻ ചീറ്റകളെ കൊണ്ടുവന്നത്. ഈ വർഷം ഫെബ്രുവരി 18 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി കൊണ്ടുവന്നു. പ്രഭാഷ്, പവാക് എന്നിങ്ങനെ പേരിട്ട രണ്ട് ആൺ ചീറ്റകളെയാണ് ഇന്ന് പാർക്കിൽ തുറന്നുവിട്ടതെന്ന് ഷിയോപുർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ പി.കെ. വർമ അറിയിച്ചു.

Tags:    
News Summary - Another cheetah dies at Kuno National Park, 7th in five months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.