ചെന്നൈ: അണ്ണായൂനിവേഴ്സിറ്റിയിലെ എൻജിനീയറിങ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 90,000 രൂപ പിഴയും ചുമത്തി. ഒരാഴ്ച മുമ്പാണ് പ്രതിയായ ഗുണശേഖരനെതിരെ(37) കോടതി കുറ്റം ചുമത്തിയത്. ഇയാൾക്കെതിരെ ഏഴു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ഡിസംബർ 23നാണ് കുറ്റകൃത്യം നടന്നത്. അണ്ണായൂനിവേഴ്സിറ്റിക്ക് സമീപം ബിരിയാണി കട നടത്തുകയാണ് ഗുണശേഖരൻ. രാത്രി സുഹൃത്തിനൊപ്പം ഹോസ്റ്റലിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനിയെ കോളജ് ക്യാമ്പസിൽ അതിക്രമിച്ച് കടന്ന പ്രതി ഭീഷണിപ്പെടുത്തിയ ശേഷം ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്തത്. അതിന്റെ ദൃശ്യങ്ങളും പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി പിറ്റേദിവസം തന്നെ പൊലീസ് പരാതി നൽകി.
കോടതി വിധി സ്വാഗതം ചെയ്ത എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ. പളനിസ്വാമി, ഭരണകക്ഷിയായ ഡി.എം.കെ കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിച്ചതായും ആരോപിച്ചു. പ്രതി ഡി.എം.കെ പ്രവർത്തകനാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. മദ്രാസ് ഹൈകോടതിയുടെ നിർദേശപ്രകാരം അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.
ഗുണശേഖരനെ ഡിസംബർ 25ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും തനിക്കെതിരെ തെളിവുകളില്ലെന്നും കാണിച്ച് ഗുണശേഖരൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രതിക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതായി ജഡ്ജി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.