സി.ജെ.പി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം എ.എൻ.ഐ മറച്ചുവെച്ചു; ഗുരുതര വെളിപ്പെടുത്തലുമായി ആൾട്ട് ന്യൂസ്

ന്യൂഡൽഹി: സി.ജെ.പി പ്രക്ഷോഭത്തെ ഡൽഹി പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചതിനെക്കുറിച്ച് ഒറ്റ എക്സ് പോസ്റ്റ് പോലും എ.എൻ.ഐ പങ്കുവെച്ചില്ലെന്ന ആരോപണവുമായി ഫാക്ട്-ചെക്കിങ് വെബ്‌സൈറ്റായ 'ആൾട്ട് ന്യൂസ്'. രാജ്യത്തെ മുഖ്യധാരാ ദൃശ്യമാധ്യമങ്ങൾക്ക് വാർത്തയും ദൃശ്യങ്ങളും നൽകുന്നതിൽ നിർണായക സ്വാധീനമുള്ള ന്യൂസ് ഏജൻസിയാണ് എ.എൻ.ഐ. ജൂലൈ 20ലെ ഡൽഹി പ്രക്ഷോഭ വേളയിൽ വിദ്യാർഥികൾക്ക് ഏറ്റ ക്രൂരമർദനങ്ങളെക്കുറിച്ചോ പരിക്കുകളെക്കുറിച്ചോ എ.എൻ.ഐ ഒരൊറ്റ എക്സ് പോസ്റ്റ് പോലും പങ്കുവെക്കാതെ മൗനം പാലിച്ചുവെന്നാണ് ആൾട്ട് ന്യൂസ് വ്യക്തമാക്കുന്നത്. സർക്കാർ അനുകൂല വിവരങ്ങൾ മാത്രം പ്രചരിപ്പിക്കാനും മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാനുമുള്ള ഇത്തരം പ്രവണതകൾ വലിയൊരു വിഭാഗം മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സമരക്കാർക്ക് നേരെ നടന്ന ലാത്തിച്ചാർജിന്‍റെയും കണ്ണീർ വാതകപ്രയോഗത്തിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ മാത്രം നൂറിലധികം വിദ്യാർഥികൾ പരിക്കേറ്റ് ചികിത്സ തേടിയിരുന്നു. എന്നാൽ, ഈ സംഭവങ്ങളെയെല്ലാം പൂർണ്ണമായി തഴയുന്ന സമീപനമാണ് എ.എൻ.ഐയുടെ ഭാഗത്തുനിന്നുണ്ടായത്.

സമര ദിവസം എ.എൻ.ഐ പങ്കുവെച്ച 404 എക്സ് പോസ്റ്റുകളിൽ 186 എണ്ണവും ഡൽഹിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിൽ 102 പോസ്റ്റുകൾ നീറ്റ് സമരങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും, സമരക്കാർക്ക് നേരെ പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും നടത്തിയ അതിക്രമങ്ങളെക്കുറിച്ച് ഒരക്ഷരം പോലും ഔദ്യോഗിക ഹാൻഡിലിൽ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 12:50 മുതൽ 2:18 വരെയുള്ള നിർണായക സമയത്ത് പ്രക്ഷോഭത്തെക്കുറിച്ച് ഒരു പോസ്റ്റും എ.എൻ.ഐയിൽ നിന്നുണ്ടായില്ല എന്നത് ബോധപൂർവമായ ഒഴിവാക്കലാണെന്ന ആക്ഷേപം ശക്തമാക്കിയിട്ടുണ്ട്.

വിദ്യാർഥികളുടെ പരിക്കുകൾ അവഗണിച്ച എ.എൻ.ഐ, പൊലീസുകാർക്ക് പരിക്കേറ്റു എന്ന വാർത്തകൾക്കാണ് വലിയ പ്രാധാന്യം നൽകിയത്. ഉച്ചയ്ക്ക് 3 മണി മുതൽ പൊലീസുകാരുടെ പരിക്കുകളെക്കുറിച്ചുള്ള വിശദമായ കണക്കുകൾ നിരത്തിയ ഏജൻസി, നൂറിലധികം വിദ്യാർഥികൾ ഗുരുതര പരിക്കുകളോടെ ചികിത്സ തേടി എന്ന യാഥാർത്ഥ്യം സൗകര്യപൂർവം വിട്ടുകളയുകയായിരുന്നു. പെല്ലെറ്റ് ഗൺ ആക്രമണങ്ങളെക്കുറിച്ചോ മറ്റ് ഗുരുതര സുരക്ഷാ വീഴ്ചകളെക്കുറിച്ചോ ഉള്ള ഒറിജിനൽ റിപ്പോർട്ടുകളും എ.എൻ.ഐയുടെ ഭാഗത്തുനിന്നുണ്ടായില്ല.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ കോകറോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന 'ചലോ സൻസാദ്' മാർച്ചിനിടയിലായിരുന്നു പൊലീസ് മർദനം നടന്നത്. ജന്തർമന്തറിലെ മാർച്ചിൽ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം അഴിച്ചുവിടുകയായിരുന്നു. സെക്ഷൻ 163 പ്രഖ്യാപിച്ചും അയ്യായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുമായിരുന്നു ഭരണകൂടത്തിന്റെ പ്രതിരോധം.

രാജ്യത്തെ ദൃശ്യമാധ്യമങ്ങൾക്ക് വാർത്തയും ദൃശ്യങ്ങളും നൽകുന്നതിൽ മുൻനിരയിലുള്ള ഒരു വാർത്താ ഏജൻസി ഇത്തരം നിർണായക വിവരങ്ങൾ തമസ്കരിക്കുന്നത് മാധ്യമധർമ്മത്തിന് നിരക്കുന്നതല്ലെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. ഭരണകൂട അനുകൂല നിലപാടുകൾക്ക് മുൻഗണന നൽകിക്കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ എ.എൻ.ഐ ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഈ സംഭവത്തോടെ വീണ്ടും ചർച്ചയാകുന്നത്.

Tags:    
News Summary - സി.ജെ.പി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം എ.എൻ.ഐ മറച്ചുവെച്ചു; ഗുരുതര വെളിപ്പെടുത്തലുമായി ആൾട്ട് ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.