തോക്കിൻമുനയിൽ നിർത്തി കൂട്ടബലാത്സംഗം; മുൻ ബി.ജെ.പി എം.എൽ.എക്കും പിരിച്ചുവിട്ട പൊലീസുകാരനുമെതിരെ കേസ്
മഹാരാഷ്ട്ര : തോക്കിൻമുനയിൽ നിർത്തി ബലമായി മദ്യം നൽകി 22 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുൻ ബി.ജെ.പി എം.എൽ.എക്കും പിരിച്ചുവിട്ട പൊലീസുകാരനുമെതിരെ കേസ്. താനെ റൂറൽ പൊലീസാണ് കേസെടുത്തത്. വ്യാഴാഴ്ചയാണ് ഇരുവർക്കുമെതിരെ ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കല്യാൺ വെസ്റ്റിൽ നിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എ നരേന്ദ്ര പവാർ, പിരിച്ചുവിട്ട പൊലീസ് കോൺസ്റ്റബിൾ ശൈലേഷ് പാട്ടീൽ എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ ഉൾപ്പെട്ട ഇരുവരും സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയാണെന്നും ഇവർക്കായി പൊലീസ് ഊർജിതമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, അധികാരപരിധിയെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ യുവതി ആദ്യം താനെ സിറ്റി പൊലീസിനെയാണ് സമീപിച്ചിരുന്നത്. എന്നാൽ അവിടെയുള്ള ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കാനോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ തയ്യാറായില്ല. തുടർന്നാണ് പരാതിക്കാരി താനെ റൂറൽ പൊലീസിനെ സമീപിക്കുകയും അവർ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കേസെടുക്കാൻ തയ്യാറാകുകയും ചെയ്തത്.
അതേസമയം, തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുകയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിൽ മുൻ എം.എൽ.എ നരേന്ദ്ര പവാർ തന്റെ എല്ലാ പാർട്ടി പദവികളിൽ നിന്നും രാജി പ്രഖ്യാപിച്ചു. തനിക്കെതിരെയുള്ളത് രാഷ്ട്രീയപരമായി അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ഗൂഢാലോചനയാണെന്ന് അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. ഈ വിവാദം പാർട്ടിയുടെ പ്രതിച്ഛായയെയും പൊതുസമൂഹത്തിലെ നിലയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് താൻ മാതൃപാർട്ടിയിലെ പദവികൾ ഒഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.