പ്രതീകത്മക ചിത്രം
'ഇന്ത്യൻ രേഖകൾ കാണിച്ചിട്ടും ബംഗ്ലാദേശിയാക്കി'; കർണാടക പൊലീസിന്റെ ഓപ്പറേഷൻ മുക്തയ്ക്കെതിരെ ഗുരുതര പരാതി
ബെംഗളൂരു: അനധികൃത ബംഗ്ലാദേശ് പൗരന്മാരെ കണ്ടെത്താനെന്ന പേരിൽ ബെംഗളൂരു പോലീസ് നടത്തിയ 'ഓപ്പറേഷൻ മുക്ത' പരിശോധനയ്ക്കിടെ ഇന്ത്യൻ പൗരന്മാരായ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ കടുത്ത മാനസിക-ശാരീരിക പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടായതായി പരാതി. ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ രേഖകളും ജനന സർട്ടിഫിക്കറ്റും അടക്കമുള്ള കൃത്യമായ ഇന്ത്യൻ രേഖകൾ ഹാജരാക്കിയിട്ടും ബംഗാളി സംസാരിക്കുന്ന തൊഴിലാളികളെ കള്ളക്കേസുകളിൽ കുടുക്കാനും അവരെ മർദ്ദിക്കാനും പോലീസ് മുതിർന്നതായി ഇരകൾ ആരോപിക്കുന്നു.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയും 24 വർഷമായി ബെംഗളൂരുവിൽ താമസക്കാരനുമായ ജബ്ബാർ അലി മൊണ്ടാൽ (42) എന്നയാളെ പുലർച്ചെ വീട്ടിൽ നിന്നുമാണ് വർത്തൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ആധാർ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും പരിശോധിച്ചിട്ടും ബംഗ്ലാദേശിയാണെന്ന് പറഞ്ഞ് മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും മൊബൈൽ ഫോൺ പരിശോധിക്കുകയും ദേശീയഗാനം പാടാൻ നിർബന്ധിക്കുകയും ചെയ്തതായും മൊണ്ടാൽ വെളിപ്പെടുത്തി. പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ ഇയാൾ മനുഷ്യാവകാശ കമീഷനെയും നിയമ സഹായ വേദികളെയും സമീപിക്കാനൊരുങ്ങുകയാണ്. സമാനമായി യെലനഹള്ളിയിലെ അസം സ്വദേശികളായ കുടിയേറ്റ തൊഴിലാളികളെ സ്ത്രീകളും കുട്ടികളുമടക്കം പുലർച്ചെ ഹുലിമാവ് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം പട്ടിണിക്കിട്ടതായും മർദ്ദിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
അതേസമയം, നഗരത്തിലുടനീളം നടത്തിയ 'ഓപ്പറേഷൻ മുക്ത' ഡ്രൈവിൽ 3,000 പേരെ പരിശോധിച്ചെന്നും ഇതിൽ 105 പേർ അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്നതായും പോലീസ് അവകാശപ്പെട്ടു. വ്യാജ ഇന്ത്യൻ രേഖകൾക്കൊപ്പം ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ കൈവശം വെച്ച 31 പേരെ ഇതിനകം നാടുകടത്തിയെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പരിശോധനയെന്നും ഇലക്ട്രോണിക് സിറ്റി ഡി.സി.പി നാരായണ എം. വ്യക്തമാക്കി. എന്നാൽ, ബംഗാളി സംസാരിക്കുന്ന ദരിദ്ര മുസ്‌ലിം തൊഴിലാളികളെ മാത്രമാണ് പോലീസ് മനഃപൂർവം വേട്ടയാടുന്നതെന്നും സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ലംഘിച്ചാണ് ഇത്തരം റെയ്ഡുകളെന്നും കാണിച്ച് എ.ഐ.സി.സി.ടി.യു, പി.യു.സി.എൽ തുടങ്ങിയ മനുഷ്യാവകാശ-തൊഴിലാളി സംഘടനകൾ കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് നിവേദനം നൽകുകയും പൊതുതാൽപ്പര്യ ഹരജിക്ക് തയ്യാറെടുക്കുകയും ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.