മമത ബാനർജി, കനിമൊഴി കരുണാനിധി 

കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി നീക്കം? മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി കനിമൊഴി

കൊൽക്കത്ത: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും ഒഴിവാക്കി പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തിൽ പുതിയൊരു 'മൂന്നാം മുന്നണി' രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ സജീവമാകുന്നു. ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും തൂത്തുക്കുടി എം.പിയുമായ കനിമൊഴി കരുണാനിധി മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുമായി കൊൽക്കത്തയിലെ വസതിയിൽ വെച്ച് നിർണായക കൂടിക്കാഴ്ച നടത്തി. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്ക്കും കോൺഗ്രസ് നയിക്കുന്ന ‘ഇന്ത്യ’ മുന്നണിക്കും ബദലായി പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള സാധ്യതകളാണ് ഇരുവരും ചർച്ച ചെയ്തതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഡി.എം.കെയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീണതും ഡി.എം.കെ ‘ഇന്ത്യ’ മുന്നണിയിൽ നിന്ന് അകലം പാലിച്ചതുമാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് വേഗത കൂട്ടിയത്. ബംഗാളിലെ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ മമത ബാനർജിയും കടുത്ത അതൃപ്തിയിലാണ്. 2029 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രാദേശിക പാർട്ടികളെ ഏകോപിപ്പിക്കാനുള്ള ദൗത്യമാണ് കനിമൊഴി ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ, എൻ.സി.പി (എസ്.പി) നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ എന്നിവരുമായും കനിമൊഴി ചർച്ച നടത്തിയിരുന്നു.

ആം ആദ്മി പാർട്ടി (എ.എ.പി) കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കളെയും പുതിയ മുന്നണിയുടെ ഭാഗമാക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനുപുറമെ, ഡൽഹിയിലെ നീറ്റ് ചോർച്ചാ വിരുദ്ധ സമരങ്ങളിലൂടെയും യൂത്ത് മൂവ്‌മെന്റുകളിലൂടെയും വലിയ സ്വാധീനം നേടിയ അഭിജിത്ത് ദിപ്‌കെയുടെ നേതൃത്വത്തിലുള്ള 'കോക്‌റോച്ച് ജനതാ പാർട്ടി'യുടെ പിന്തുണയും മുന്നണിക്ക് നേടാൻ നീക്കമുണ്ട്. മൂന്ന് മാസത്തിനകം പുതിയ പ്രാദേശിക മുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Tags:    
News Summary - Kanimozhi Meets Mamata Banerjee in Kolkata Amid Speculation Over Regional Third Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.