പെൺകുട്ടിക്ക് ജന്മം നൽകി; ആശുപത്രിയിലെ പ്രസവ വാർഡിൽ വെച്ച് ഭാര്യയെ മർദ്ദിച്ച് ഭർത്താവ്
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പെൺകുട്ടിക്ക് ജന്മം നൽകിയെന്നാരോപിച്ച് ഭാര്യക്ക് നേരെ ആശുപത്രി വാർഡിൽ വെച്ച് ഭർത്താവിന്റെ ക്രൂരമർദ്ദനം. മകനും മകളും ഉൾപ്പെടെ ഇരട്ടക്കുട്ടികൾക്കാണ് 35കാരിയായ യുവതി ജന്മം നൽകിയത്. പെൺകുട്ടിയെ പ്രസവിച്ചതിന്‍റെ പേരിൽ പ്രസവ വാർഡിൽ വെച്ചാണ് 45കാരൻ ഭാര്യയെ ആക്രമിച്ചത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗ്വാളിയോറിലെ കമല രാജ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് ഈ അതിക്രമം നടന്നത്. 35 കാരിയായ യുവതി സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. യുവതി പെൺകുട്ടിയെ പ്രസവിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത് എന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
ലിംഗാധിഷ്ഠിത പക്ഷപാതമാണ് ആക്രമണത്തിന് പിന്നിലെന്ന് യുവതിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ സന്ദർശനത്തിനെത്തിയ പ്രതി ഭാര്യയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. ഈ ആക്രമണത്തിൽ യുവതിയുടെ മുഖത്ത് പരിക്കേറ്റു.
യുവതിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ പിടിവലിക്കിടയിൽ പ്രതി ഭാര്യയുടെ വായ ശക്തമായി പൊത്തിപ്പിടിച്ചുവെന്നും, ആ സമയത്ത് അയാളുടെ മോതിരവും നഖങ്ങളും തട്ടി യുവതിയുടെ മുഖത്ത് പോറലുകൾ ഏൽക്കുകയായിരുന്നുവെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.