കാസിബുഗ്ഗ (ആന്ധ്രപ്രദേശ്): ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചത് എട്ടു സ്ത്രീകളും ഒരു ആൺകുട്ടിയും. ഒരാളുടെ നില ഗുരുതരമാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ അടുത്തിടെ പണിത ക്ഷേത്രത്തിന്റെ സ്റ്റെപ്പിനരികിലുള്ള ഇരുമ്പുഗ്രിൽ വീണതോടെ ആളുകൾ പരിഭ്രാന്തരായി ചിതറുകയും ആറടി താഴ്ചയിലേക്ക് ഒന്നിനുപിറകെ ഒന്നായി വീഴുകയും ചെയ്തുവെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ദുരന്തം. ക്ഷേത്രം അധികൃതർ ആളുകളെ നിയന്ത്രിക്കാൻ പൊലീസിനെ സമീപിച്ചിരുന്നില്ല. ഇതാണ് ദുരന്തത്തിലേക്ക് വഴിതുറന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അമിത്ഷാ, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയവർ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതം അനുവദിക്കുന്നതായി മോദി വ്യക്തമാക്കി. പരിക്കേറ്റവർക്ക് 2,000 രൂപ വീതവും നൽകും.
ഒന്നാം നിലയിലാണ് ക്ഷേത്രമെന്നും ഭക്തർ കയറുമ്പോൾ റെയിലിങ് തകർന്ന് അവർ ഒന്നിനുമുകളിൽ ഒന്നായി വീഴുകയായിരുന്നെന്നും ആന്ധ്രപ്രദേശ് ആഭ്യന്തര മന്ത്രി വങ്കലപുഡി അനിത പറഞ്ഞു. ശനിയാഴ്ചയായതിനാൽ 2000ത്തോളം പേർ ക്ഷേത്രത്തിൽ എത്തിയതായി കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.