വിശാഖപട്ടണം: ആന്ധ്രപ്രദേശ് മന്ത്രിയും വൈ.എസ്.ആർ. കോൺഗ്രസ് നേതാവുമായ ആർ.കെ റോജയുടെ കാറിന് നേരെ നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിന്‍റെ അനുയായികളുടെ ആക്രമണം. ശനിയാഴ്ച വിശാഖപട്ടണം വിമാനത്താവളത്തിലായിരുന്നു സംഭവം. ആക്രമണത്തിൽ തലക്ക് പരിക്കേറ്റ റോജയുടെ ഡ്രൈവറെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോജയെ കൂടാതെ മറ്റ് നേതാക്കളായ ജോഗി രമേഷ്, ടി.ടി.ഡി ചെയർപേഴ്‌സൺ വൈ.വി സുബ്ബ റെഡ്ഡി എന്നിവരുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ നിർദേശത്തെ തുടർന്ന് ത്രിതല തലസ്ഥാന പദ്ധതി സംബന്ധിച്ച റാലിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സൺ കൂടിയായ മന്ത്രി റോജ. ആക്രമണം നടത്തിയവരെ കണ്ടെത്താൻ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
പവൻ കല്യാണിനെ സ്വീകരിക്കാൻ ജനസേന പ്രവർത്തകരും അനുയായികളും വിശാഖപട്ടണം വിമാനത്താവളത്തിൽ തടിച്ചു കൂടിയിരുന്നു. ഇവരാണ് റോജ അടക്കമുള്ളവരുടെ വാഹനങ്ങൾ കൊടി കെട്ടിയ വടി ഉപയോഗിച്ച് ആക്രമിച്ചത്. മന്ത്രിയെയും മറ്റ് നേതാക്കളെയും കല്യാണിന്‍റെ അനുയായികൾ ആക്രമിച്ച സംഭവത്തെ മന്ത്രിമാരും വൈ.എസ്.ആർ.സി.പി നേതാക്കളും രൂക്ഷ വിമർശിച്ചു.
2019ൽ അധികാരത്തിലേറിയ ജഗൻമോഹൻ സർക്കാർ വികേന്ദ്രീകരണത്തിന്‍റെ ഭാഗമായി മൂന്ന് തലസ്ഥാന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. വിശാഖപട്ടണത്തെ സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന അഡ്മിനിസ്ട്രേറ്റീവ്, എക്സിക്യൂട്ടീവ് തലസ്ഥാനമാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.