ന്യൂഡൽഹി: രാജ്യത്ത് വിദ്വേഷം പടർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നത് ടി.വി ചാനൽ അവതാരകരാണെന്നും ‘ഉദര നിമിത്തം ബഹുകൃത വേഷം‘ കെട്ടുന്നതിന് അറുതിവരുത്താൻ കനത്ത പിഴപോലുള്ള കടുത്ത നടപടി അനിവാര്യമാണെന്നും സുപ്രീംകോടതി. വിദ്വേഷ പ്രചാരകരായ അവതാരകർക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് വെള്ളിയാഴ്ച പരമോന്നത കോടതി നടത്തിയത്.
ഇത്തരം അവതാരകർക്ക് തടയിടാൻ എന്തുചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കണമെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്നയും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരായ ഒരു കൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു ഇരു ജഡ്ജിമാരും.
മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരെ സുദർശൻ ടി.വി ചീഫ് എഡിറ്റർ നടത്തിയ അത്യന്തം പ്രകോപനപരമായ വിദ്വേഷ പ്രസംഗം അഡ്വ. നിസാം പാഷ വായിച്ചുകേൾപിച്ചതിനെ തുടർന്നായിരുന്നു ഇത്. ടി.വി ചാനലുകൾക്ക് സ്വയംനിയന്ത്രണ വേദിയുണ്ടെന്നും സ്വയം സന്നദ്ധമായി 72 ചാനലുകൾ അതിന്റെ ഭാഗമാണെന്നും ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റി(എൻ.ബി.എസ്.എ)യുടെ അഭിഭാഷക ബോധിപ്പിച്ചത് സുപ്രീംകോടതി ഖണ്ഡിച്ചു. കേബിൾ ടി.വി നെറ്റ്വർക്കിന് പ്രോഗ്രാം കോഡ് ഉണ്ട്. ഇതിൽ ചേർന്ന ചാനലുകൾ അതിന് വിധേയമാണ്. എന്നാൽ, സുദർശൻ ടി.വിയും റിപ്പബ്ലിക് ടി.വിയും അതിൽ ചേർന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ആദി ശങ്കരാചാര്യ പറഞ്ഞപോലെ ‘ഉദര നിമിത്തം ബഹുകൃത വേഷം’ കെട്ടുകയാണ് ടി.വി അവതാരകർ ചെയ്യുന്നതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് കുറ്റപ്പെടുത്തി. അടിസ്ഥാന പ്രശ്നം റേറ്റിങ്ങാണ്. ഇതിനായി ചാനലുകൾ മത്സരിക്കുകയാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, എൻ.ബി.എസ്.എയും ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല.
പത്രം വായിക്കുന്നതുപോലെയല്ല വാർത്താ ചാനൽ കാണുന്നത്. അവർ ഭിന്നതയുണ്ടാക്കുകയാണ്. മസ്തിഷ്കത്തെ സ്വാധീനിക്കുന്ന ശക്തമായ മാധ്യമമാണത്. വിശിഷ്യാ ഇളംതലമുറയെ. എന്തൊരു അഭിപ്രായ രൂപവത്കരണമാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്, മറ്റേത് മാധ്യമങ്ങളേക്കാളും ഫലപ്രദമായും വേഗത്തിലും നിങ്ങളത് ചെയ്യുന്നുണ്ട്. അതിനാൽ എൻ.ബി.എസ്.എക്ക് ഇക്കാര്യത്തിൽ വ്യക്തത വേണം.
ചാനൽ അവതാരകർക്ക് തങ്ങൾ മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന് എൻ.ബി.എസ്.എ മറുപടി നൽകിയപ്പോൾ എത്ര അവതാരകരെ നിങ്ങൾ ഇതുവരെ വിളിപ്പിച്ചിട്ടുണ്ട് എന്ന് ജസ്റ്റിസ് ജോസഫ് തിരിച്ചുചോദിച്ചു. മറ്റുള്ളവർക്ക് ഒരു സന്ദേശമാകുന്ന തരത്തിൽ അവതാരകരെ നിങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടോ? ആരാണ് ഒരു പരിപാടിയുടെ ഉള്ളടക്കം നിയന്ത്രിക്കുന്നത്? അവതാരകരും എഡിറ്റോറിയലുമെന്നായിരുന്നു അഭിഭാഷകയുടെ മറുപടി. അവതാരകനോ, അവതാരകയോ ആണ് സ്വാധീനം.
അവരുടെ കൈയിലാണ് താക്കോൽ. ആത്യന്തികമായി ഉത്തരവാദി അവതാരകനാണ്. പ്രേരണ നൽകുന്നതും മ്യൂട്ട് ചെയ്യുന്നതും അവരാണ്. അവർ കനത്ത വിലയൊടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചപ്പോൾ മാനേജ്മെന്റിനെയും വിടരുതെന്ന് എ.എസ്ജി വാദിച്ചു. എന്നാൽ, അവതാരകന് അധികാരമുണ്ട് എന്ന് സുപ്രീംകോടതി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.