മുംബൈ: 30ാം ജന്മദിനത്തിന് മുന്നോടിയായി ആത്മീയ നിർവൃതി തേടി മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി നടത്തിയ പദയാത്രക്കിടയിലെ ഒരു രക്ഷാപ്രവർത്തനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം. ശ്രീകൃഷ്ണന്‍റെ അനുഗ്രഹം തേടി ജാംനഗറിൽനിന്ന് ദ്വാരകയിലേക്കായിരുന്നു പദയാത്ര. യാത്രാമധ്യേയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ രക്ഷാപ്രവർത്തനം.
അറക്കാനുള്ള കോഴികളുമായി പോകുന്ന വാഹനം തടഞ്ഞുനിർത്തുന്നതും അവയെ ഇരട്ടി വില കൊടുത്തു വാങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ദ്വാരക ജില്ലയിലെ ഖംഭാലിയ നഗരത്തിൽനിന്നുള്ളതാണ് ദൃശ്യങ്ങൾ. കൂടെയുണ്ടായിരുന്ന തന്‍റെ സംഘത്തോട് ഉടമക്ക് പണം നൽകാനും കൂടുകളിൽ കുത്തിനിറച്ച കോഴികളെ രക്ഷപ്പെടുത്താനും ആനന്ദ് നിർദേശം നൽകുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഉടമക്ക് ഇരട്ടി വില നൽകിയെന്നാണ് വിവരം. രക്ഷപ്പെടുത്തിയ കോഴികളെ ആപത്തിൽപെട്ട മൃഗങ്ങളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ പദ്ധതിയായ ഗുജറാത്തിലെ വൻതാര കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ആനന്ദിന്‍റെ നല്ല മനസ്സിന് ഒരു വിഭാഗം കൈയടിക്കുമ്പോൾ, ഇതൊരു പി.ആർ സ്റ്റണ്ട് നാടകം മാത്രമാണെന്നാണ് മറ്റുള്ളവരുടെ പരിഹാസം. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് മൃഗസ്നേഹിയായ ആനന്ദിന്‍റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തുവരുന്നത്. വൻതാരയിലുള്ള മാംസഭോജികളായ മൃഗങ്ങൾക്ക് ദിവസവും കോഴിയിറച്ചി ഉൾപ്പെടെയുള്ള മാംസാഹാരം നൽകുന്നത് ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ പരിഹാസം.
‘ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളുടെ മകനാണ് ആനന്ദ് അംബാനി, അദ്ദേഹത്തിന് വലിയ സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പി.ആർ ടീം വളരെ ദയനീയമാണ്. കോഴികളെ രക്ഷിക്കുന്നത് ഒരു നല്ല ആശയമാണെന്ന് അവർക്ക് എങ്ങനെ തോന്നി - പ്രത്യേകിച്ചും അദ്ദേഹത്തിന് വൻതാര എന്ന സ്വകാര്യ മൃഗശാല സ്വന്തമായുള്ളപ്പോൾ, അവിടെ മൃഗങ്ങൾക്ക് മാംസാഹാരം നൽകുന്നില്ലേ!’ -ഒരു എക്സ് യൂസർ കുറിച്ചു. ഫാക്ട് ചെക്കർ മുഹമ്മദ് സുബൈറും ആനന്ദിന്‍റെ നടപടിയെ പരിഹസിച്ച് രംഗത്തുവന്നു.
‘ആനന്ദ് അംബാനി 'രക്ഷിച്ച' കൂട്ടിലടച്ച കോഴികളെ ജാംനഗറിലെ അദ്ദേഹത്തിന്റെ വൻതാര വന്യജീവി കേന്ദ്രത്തിൽ മാംസഭോജികളായ മൃഗങ്ങൾക്ക് ഭക്ഷണമായി നൽകുമോ?’ -സുബൈർ എക്സിൽ കുറിച്ചു. വൻതാരയിൽ ആനന്ദ് അംബാനി കടുവക്ക് ഭക്ഷണമായി പുല്ല് നൽകുന്ന എ.ഐ ജനറേറ്റഡ് ചിത്രം മറ്റൊരു യൂസർ എക്സിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.