കശ്മീർ: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥനായ കശ്മീരി പണ്ഡിറ്റിന്‍റെ കൊലപാതകത്തിന് പിന്നാലെ കശ്മീരിലെ സുരക്ഷ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ്, സുരക്ഷാ ഏജൻസികളുടെ തലവൻമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. രണ്ട് വർഷത്തിന് ശേഷം ജൂൺ 30 ന് ആരംഭിക്കാൻ പോകുന്ന അമർനാഥ് യാത്രയുടെ ഒരുക്കങ്ങളെ കുറിച്ചും യോഗം വിലയിരുത്തി.

മെയ് 12നാണ് ബുദ്ഗാം ജില്ലയിലെ ഓഫീസിനുള്ളിൽ സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയത്. രാഹുൽ ഭട്ടിന്‍റെ മരണത്തിന് പിന്നാലെ പൊലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദ് തോക്കറിനെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് തീവ്രവാദികൾ വെടിവച്ചു കൊന്നു.

കഴിഞ്ഞാഴ്ച ജമ്മുവിലെ കത്രക്ക് സമീപം തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ നാല് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കശ്മീരി പണ്ഡിറ്റ് സമുദായാംഗങ്ങൾ താഴ്‌വരയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സുരക്ഷ വർധിപ്പിക്കണമെന്നും സർക്കാർ ജീവനക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.

സമീപകാല അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് അമർനാഥ് യാത്ര സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കുറഞ്ഞത് 12,000 അർധസൈനികരെയും ആയിരക്കണക്കിന് ജമ്മു കശ്മീർ പൊലീസിനെയും വിന്യസിക്കാൻ തീരുമാനിച്ചു.

Tags:    
News Summary - Amit Shah Holds High-Level Meet On Targetted Killings Of Kashmiri Pandits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.