‘മൂന്നാമതൊരാൾക്ക് അവസരം നൽകൂ...’- തിരംഗ റാലിയുമായി രാജസ്ഥനിൽ അങ്കം കുറിക്കാൻ ആം ആദ്മി പാർട്ടി

ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന രാജസ്ഥാൻ മണ്ണിൽ അങ്കം കുറിക്കാൻ ആം ആദ്മി പാർട്ടി. ഈ വർഷം അവസാനം രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി പാർട്ടി സംസ്ഥാനത്ത് വരവറിയിച്ച് റാലി നടത്തിയത്. രാജസ്ഥാന്റെ ഹൃദയഭൂമിയായ ജയ്പൂരിലാണ് തിരംഗ റാലിയുമായി ആം ആദ്മി പാർട്ടി എത്തിയത്.

രാജസ്ഥാനിൽ കാലങ്ങളായി നിലനിൽക്കുന്നത് ദ്വന്ത രാഷ്ട്രീയമാണെന്നും മൂന്നാമതൊരാൾക്ക് അവസരം നൽകണമെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ‘അശോക് ഗെഹ്ലോട്ടും വസുന്ധര രാജെയും നല്ല സുഹൃത്തുക്കളാണ്. സാധാരണക്കാരനും ഒരു അവസരം നൽകുക’ -കെജ്‍രിവാൾ പറഞ്ഞു.

സാധാരണയായി കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുന്ന രാജസ്ഥാനിൽ നിലവിൽ ഭരണം കോൺഗ്രസിനായതിനാൽ ഇനി ബി.ജെ.പി ഭരണത്തിലേറുമെന്ന പ്രതീക്ഷയിലാണുള്ളത്. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി തുടങ്ങിക്കഴിഞ്ഞു.

മുൻ മുഖ്യമന്ത്രി വസുന്ധര രാജെ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനായുള്ള ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവാണെങ്കിലും വസുന്ധര രാജെ, അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളുമായി സമരസത്തിലല്ല മുന്നോട്ടു പോകുന്നത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സതീഷ് പൂനിയ, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, ലോക് സഭാ സ്പീക്കർ ഓം ബിർല തുടങ്ങി വിവിധ നേതാക്കൾ ഈ മത്സരത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.

എന്നാൽ കോൺഗ്രസിൽ അശോക് ഗെഹ്ലോട്ടും സചിൻ പൈലറ്റും തമിലുള്ള തർക്കം പോലെ ബി.ജെ.പിയിലെ ഉൾപാർട്ടി തർക്കം പുറത്തേക്ക് അറിയുന്നില്ല. ഈ രണ്ട് പാർട്ടികൾക്കുള്ളിലുമുള്ള ആഭ്യന്തര പ്രശ്നങ്ങൾക്കിടയിൽ തങ്ങൾക്ക് നേട്ടം കൊയ്യാനാകുമെന്ന വിശ്വാസമാണ് ആം ആദ്മി പാർട്ടിക്കുള്ളത്. സംസ്ഥാനത്തെ 200 സീറ്റുകളിലും മത്സരിക്കുമെന്നാണ് എ.എ.പി വ്യക്തമാക്കുന്നത്.

കോൺഗ്രസിൽ ഗെഹ്ലോട്ട് സചിൻ പൈലറ്റുമായി തർക്കത്തിലാണ്. ബി.ജെ.പിയിൽ എല്ലാവരും വസുന്ധരക്കെതിരാണ്. അതിനാൽ ഇവർക്കിടയിലെ രാഷ്ട്രീയ വിടവിൽ ആം ആദ്മി പാർട്ടിക്ക് നിൽക്കാൻ അവസരം ലഭിക്കും - ജോധ്പൂരിലെ എ.എ.പി പ്രവർത്തകർ പറയുന്നു.

എന്നാൽ, എ.എ.പിയുടെ പ്രവേശനം മൂന്നാം കക്ഷി എന്നതിനപ്പുറം ഗുജറാത്തിൽ സംഭവിച്ചതുപോലെ കോൺഗ്രസിന്റെ വോട്ടുകൾ ചോർത്തുമോ എന്ന ഭയത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. 

Tags:    
News Summary - Amid Rift In BJP And Congress, AAP Makes Quiet Entry Into Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.