ഗ്യാൻവ്യാപി സർവേ: വാദം രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

പ്രയാഗ് രാജ്: യു.പിയിലെ ഗ്യാൻവ്യാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തുന്ന സർവേയുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം കേൾക്കുന്നത് അലഹബാദ് ഹൈകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കേസ് ഒക്ടോബർ ഏഴിനാണ് പരിഗണിക്കുക. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ ഹാജരായിരുന്നില്ല. തുടർന്നാണ് വാദം നീട്ടിവെച്ചത്.

ഏതാനും ഹിന്ദുത്വവാദികളും സംഘടനകളും അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് മസ്ജിദ് അങ്കണത്തിൽ സർവേ നടത്താൻ വാരാണസി കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, മസ്ജിദിൽ അംഗശുദ്ധി വരുത്താനായി നിർമിച്ച വുദുഖാനയുടെ മധ്യഭാഗത്തുള്ള ജലധാരയെ സർവേയിൽനിന്ന് ഒഴിവാക്കിയിരുന്നു. ​പ്രസ്തുത ജലധാര ശിവലിംഗമാണെന്നും സർവേയിൽ അതുകൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംഘ്പരിവാർ പ്രവർത്തക രാഖി സിങ് ആണ് ഹൈകോടതിയെ സമീപിച്ചത്.

അയോധ്യയിലെ പള്ളി: പ്ലാൻ തള്ളി വികസന അതോറിറ്റി

അയോധ്യ: സുപ്രീംകോടതി വിധി പ്രകാരം സുന്നി സെൻട്രൽ വഖഫ് ബോർഡിന് അയോധ്യയിലെ ധന്നിപുർ ഗ്രാമത്തിൽ അനുവദിച്ച ഭൂമിയിൽ പള്ളി നിർമിക്കാൻ സമർപ്പിച്ച പ്ലാൻ അയോധ്യ വികസന അതോറിറ്റി (എ.ഡി.എ) തള്ളി. വിവിധ വകുപ്പുകളിൽനിന്ന് നിരാക്ഷേപ പത്രം (എൻ.ഒ.സി) കിട്ടിയിട്ടില്ലെന്ന കാരണം പറഞ്ഞാണിത്. കോടതി വിധി പ്രകാരം യു.പി സർക്കാർ അനുവദിച്ച ഭൂമിയിലുള്ള നിർമാണത്തിന് എന്താണ് ബന്ധപ്പെട്ട വകുപ്പുകൾ എൻ.ഒ.സി തരാത്തതെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് പള്ളി ട്രസ്റ്റ് സെക്രട്ടറി അത്താർ ഹുസൈൻ പറഞ്ഞു.

Tags:    
News Summary - Allahabad HC adjourns hearing on Gyanvapi mosque wuzukhana survey plea to 7th Oct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.