അനുരാഗ് താക്കൂർ
കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന ബി.ജെ.പി നേതാവിന്റെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. മുൻ കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പി നേതാവ് അനുരാഗ് താക്കൂർ ആണ് വാർത്താ സമ്മേളനത്തിനിടെ വയനാട്ടിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ചത്. മൈമൂന എന്ന വോട്ടർക്ക് മൂന്ന് ബൂത്തുകളിൽ വോട്ടുണ്ടെന്നായിരുന്നു ആരോപണങ്ങളിൽ ഒന്ന്. വയനാട് ലോക്സഭ മണ്ഡലത്തിൽ 93,000 വോട്ടുകൾ കൃത്രിമമായി ചേർത്തുവെന്നും ബി.ജെ.പി നേതാവ് ആരോപിച്ചിരുന്നു. വ്യത്യസ്ത മതത്തിലുള്ളവർ ഒരു വീട്ടിൽ താമസിക്കുന്നുവെന്ന തരത്തിലായിരുന്നു വിലാസമെന്നും ആരോപണമുയർന്നിരുന്നു.
ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനക്ക് 115, 135, 152 എന്നീ ബൂത്തുകളിൽ വോട്ടുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ മൂന്ന് ബൂത്തുകളിലും വോട്ട് ചെയ്തത് മൂന്ന് മൈമൂനമാരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മൂന്നുപേരും മൂന്ന് പഞ്ചായത്തുകളിൽ താമസിക്കുന്നവരാണ്. അരീക്കോട്, കാവനൂർ, കുഴിമണ്ണ പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരാണ് മൂവരും. ഓരോരുത്തർക്കും ഒരു ബൂത്തിൽ മാത്രമാണ് വോട്ടുള്ളത്.
അതായത് കാവനൂർ പഞ്ചായത്തിലെ മൈമൂനക്ക് വോട്ടുള്ളത് 115 നമ്പർ ബൂത്തിലാണ്, ക്രമനമ്പർ 778. കുഴിമണ്ണ പഞ്ചായത്തിലെ മൈമൂനക്ക് 152 നമ്പർ ബൂത്തിൽ, 541 ക്രമനമ്പറിൽ വോട്ട്. അരീക്കോട് പഞ്ചായത്തിൽ താമസിക്കുന്ന മൈമൂനക്ക് വോട്ട് 135 നമ്പർ ബൂത്തിൽ, 669 ക്രമനമ്പറിൽ വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.