രാജ്യസഭ തെരഞ്ഞെടുപ്പ്; മധ്യപ്രദേശിൽ മൂന്ന് സീറ്റുകളിലും ബി.ജെ.പി ജയിച്ചു, കോൺഗ്രസിന് തിരിച്ചടി

ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതോടെ, രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മൂന്ന് സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി തെരഞ്ഞെടുപ്പ് കമീഷൻ. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ, മുൻ സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ മഹേഷ് കെവാട്ട് എന്നിവരാണ് വിജയിച്ചത്.

കോൺഗ്രസ് സ്ഥാനാർഥിയായ മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് നടപടികൾ തടയാൻ കോടതി തയാറായില്ല. അതേസമയം, ​നാമനിർദേശ പത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.

നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന സമയപരിധി വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അവസാനിച്ചതോടെ മത്സരരംഗത്ത് ബി.ജെ.പി സ്ഥാനാർഥികൾ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് റിട്ടേണിങ് ഓഫീസർ ഇവരെ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചു. വിജയിച്ച സ്ഥാനാർഥികൾ അവരുടെ തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്തു.

നാമനിർദേശ ​പത്രികയിൽ മീനാക്ഷി നടരാജന്റെ തെലങ്കാനയിൽ ഫയൽ ചെയ്ത കേസിനെക്കുറിച്ചുള്ള വിവരങ്ങൾ മനപൂർവം മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സ്ഥാനാർഥി മഹേഷ് കെവാട്ട് റിട്ടേണിങ് ഓഫിസർക്ക് നൽകിയ പരാതിയിലാണ് നടപടി. തെലങ്കാന കോടതിയിൽ ക്രിമിനൽ കേസ് നിലവിലുണ്ടെന്ന കാര്യം സത്യവാങ്മൂലത്തിൽ ഇല്ലെന്ന് മഹേഷിന്റെ അഭിഭാഷകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിവരം മനഃപൂർവം മറച്ചുവെച്ചെന്നാണ് ആക്ഷേപം. നാമനിർദേശത്തിൽ മറ്റ് പോരായ്മകളും കണ്ടെത്തിയതായി അഭിഭാഷകൻ അവകാശപ്പെട്ടു. നടരാജനെതിരെ ഒരു കേസും ഇല്ലെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ഇത്തരം കേസുകൾ കൊണ്ടുവരികയാണെന്നും കോൺഗ്രസിന്റെ മധ്യപ്രദേശ് ചുമതലയുള്ള ഹരീഷ് ചൗധരി പറഞ്ഞു. നടരാജന് കോടതിയിൽനിന്ന് കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചത് സത്യവാങ്മൂലത്തിൽ പരാമർശിക്കേണ്ടതില്ല. സാങ്കേതികമായി, പത്രിക നിരസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ മൂന്ന് ഒഴിവുകളാണ് നികത്താനുണ്ടായിരുന്നത്. 164 എം.എൽ.എമാരുള്ള ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ ഉറപ്പായിരുന്നെങ്കിലും അപ്രതീക്ഷിതമായി മൂന്നാം സ്ഥാനാർഥിയെ കൂടി പാർട്ടി രംഗത്തിറക്കുകയായിരുന്നു. അതോടെ, എം.എൽ.എമാരെ ചാക്കിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എമാരെ കർണാടകയിലെ റിസോർട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Tags:    
News Summary - All three BJP candidates elected unopposed to Rajya Sabha from Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.