ന്യൂഡൽഹി: ബി.ജെ.പി അടക്കം എല്ലാ രാഷ്ട്രീയപാർട്ടികളും 'സൗജന്യങ്ങൾ'ക്ക് അനുകൂലമാണെന്ന് സുപ്രീംകോടതി. അതുകൊണ്ടാണ് ഇതിൽ ഇടപെടാൻ തങ്ങൾ ശ്രമം നടത്തിയതെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ കൂട്ടിച്ചേർത്തു. സൗജന്യങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
''ഈ വിഷയത്തിൽ ഒരു കാര്യം ഞാൻ പറയാം. ബി.ജെ.പി അടക്കം എല്ലാ പാർട്ടികളും ഒരു പക്ഷത്താണ്. എല്ലാവർക്കും സൗജന്യങ്ങൾ വേണം. അതു കൊണ്ടാണ് ഞങ്ങൾ ഒരു ശ്രമം നടത്തിയത്. ഈ വിഷയത്തിൽ വിശാലമായ സംവാദമായിരുന്നു കോടതിയുടെ ഉദ്ദേശ്യം.'' ചീഫ് ജസ്റ്റിസ് തുടർന്നു. അതു കൊണ്ടാണ് ഇക്കാര്യം പരിശോധിക്കാൻ ഒരു സമിതിയുണ്ടാക്കാൻ തീരുമാനിച്ചത്. എന്താണ് സൗജന്യങ്ങളെന്നും എന്താണ് ക്ഷേമപദ്ധതികളെന്നും നോക്കേണ്ടതുണ്ട്. സന്തുലിതമായ ഒരു തീരുമാനം വേണം.
സർക്കാറിന്റെ ഏതെങ്കിലും നയത്തിനോ പദ്ധതിക്കോ തങ്ങൾ എതിരല്ല. ഇത്തരമൊരു വിഷയം പരിശോധിക്കാൻ സുപ്രീംകോടതിക്ക് അവകാശമില്ലെന്നാണ് ചിലർ പറഞ്ഞത്. കോടതിക്ക് ഇത് പരിശോധിക്കാൻ അധികാരമില്ലേ? ഒരു പദ്ധതിയിൽ തങ്ങൾ ഗുണഭോക്താക്കളല്ല എന്നുപറഞ്ഞ് ആരെങ്കിലും നാളെ സുപ്രീംകോടതിയിൽ വന്നാൽ പറ്റില്ലെന്ന് പറയാൻ കഴിയുമോ? ഡി.എം.കെ ധനമന്ത്രി ഈ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനെ വിമർശിച്ച നടപടിയിൽ ചീഫ് ജസ്റ്റിസ് നീരസം പ്രകടിപ്പിച്ചു. ഡി.എം.കെയെ പ്രതിനിധീകരിച്ച് അഡ്വ. പി. വിൽസൺ സംസാരിക്കാൻ തുനിഞ്ഞ ഘട്ടത്തിലായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.