ജെ.ഡി.യു നേതാവ് ചോട്ടു സിങിന്റെ വിജയാഘോഷം; തോറ്റ മന്ത്രി സുമിത് കുമാർ സിങ്
പട്ന: ബിഹാർ നിയമ സഭാ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിലേറെ വിജയവുമായി ജെ.ഡി.യു-ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം അധികാരം നിലനിർത്തിയപ്പോൾ മത്സരത്തിനിറങ്ങിയ മന്ത്രിമാർക്കും വിജയമധുരമാണ്.
കഴിഞ്ഞ നിതീഷ് കുമാർ മന്ത്രിസഭയിലെ 25 മന്ത്രിമാരാണ് വിവിധ മണ്ഡലങ്ങളിലായി മത്സരത്തിനിറങ്ങിയത്. അവരിൽ 24 പേരും ജയിച്ച് കയറിയപ്പോൾ ഒരാൾ മാത്രം എട്ടു നിലയിൽ പൊട്ടി. ജെ.ഡി.യു ടിക്കറ്റിൽ മത്സരിച്ച സുമിത് കുമാർ സിങ് ആണ് ചകായ് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച് തോറ്റത്. ആർ.ജെ.ഡിയുടെ സാവിത്ര ദേവിക്കെതിരെ 13,000 വോട്ടിനായിരുന്നു സുമിത് കുമാർ സിങ്ങിന്റെ വൻ തോൽവി. 2020ൽ സ്വതന്ത്രനായി ജയിച്ച ഇദ്ദേഹം, നിതീഷ് കുമാർ മന്ത്രിസഭയിൽ ശാസ്ത്ര, സാങ്കേതിക മന്ത്രിയായിരുന്നു. ഇത്തവണ ജെ.ഡി.യു ടിക്കറ്റ് നൽകി കളത്തിലിറക്കിയെങ്കിലും എൻ.ഡി.എ ഡബ്ൾ സെഞ്ച്വറി തികച്ച പോരാട്ടത്തിൽ രക്ഷയുണ്ടായില്ല.
മന്ത്രിസഭയിലെ 25 പേരെയാണ് എൻ.ഡി.എ മത്സരത്തിനിറക്കിയത്. അതിൽ ബി.ജെ.പിയുടെ ഉപമുഖ്യമന്ത്രി സാമ്രാട് ചൗധരിയും വിജയ് കുമാർ സിൻഹയും ഉൾപ്പെടെ 15 പേരാണ് മത്സരിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാർ ലെജിസ്ലേറ്റീവ് കൗൺസിൽ (എം.എൽ.സി) അംഗമായതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല.
കൃഷി മന്ത്രി പ്രേംകുമാർ എട്ടാം തവണയും ഗയ ടൗണിൽ ജയിച്ചു.
കഴിഞ്ഞ തവണ വി.ഐ.പി പാർട്ടിയിൽ സാഹിബ് ഗഞ്ചിൽ മത്സരിച്ച രാജു കുമാർ സിങ് ബി.ജെ.പിയിലേക്ക് കൂടുമാറി സീറ്റ് നിലനിർത്തി. സഞ്ജയത് സരഗോയ് (ദർബംഗ), നിതിൻ നബിൻ (ബങ്കിപൂർ) എന്നിവർ അഞ്ചാം തവണ വിജയം നേടി. മറ്റു ബി.ജെ.പി മന്ത്രിമായാണ് രേണു ദേവി (ബെട്ടിയ), നിതീഷ് മിശ്ര (ജൻജഹർപൂർ), നീരജ് കുമാർ സിങ് (ഛതപൂർ), കേദാർ പ്രസാദ് (കുർഹാനി), ജിബേഷ് കുമാർ (ജാലെ), കൃഷ്ണനന്ദൻ (ഹർസിദ്ദി), വിജയ് കുമാർ മണ്ഡൽ, കൃഷ്ണ കുമാർ, സുനിൽ കുമാർ എന്നിവരും വിജയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.