പിണക്കം മാറ്റി കോ​ൺഗ്രസ്; ഭാരത് ജോഡോ ന്യായ് യാത്രയിൽ അഖിലേഷ് യാദവ് പ​ങ്കെടുക്കും

ലഖ്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയോ അമേത്തിയിലോ വെച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാ​ത്രയുടെ ഭാഗമാകുമെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യാത്രയുടെ ഭാഗമായി 15 സംസ്ഥാനങ്ങളിലാണ് രാഹുൽ സഞ്ചരിക്കുന്നത്. മണിപ്പൂരിൽ നിന്ന് തുടങ്ങിയ യാ​ത്ര ഒഡിഷയിലാണ് ഇപ്പോൾ ഉള്ളത്.

ചില വലിയ സംഭവങ്ങൾക്ക് പ​​ങ്കെടുക്കാനുള്ള ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അഖിലേഷ് യാദവ് പരാതി പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകർ ഇതു സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു അത്. തുടർന്നാണ് രണ്ട് ദിവസം മുമ്പ് കോൺഗ്രസ് അഖിലേഷ് യാദവിനെ ക്ഷണിച്ചത്.

അഖിലേഷ് യാദവിന്റെ പരായി ശ്രദ്ധയിൽ പെട്ടയുടൻ യു.പിയിലെ യാത്രയുടെ റൂട്ട്മാപ്പും ഒരുക്കങ്ങളും തയാറാക്കി വരികയാണെന്നും രണ്ടുദിവസത്തിനകം അക്കാര്യത്തിൽ തീരുമാനത്തിലെത്തുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് മറുപടി നൽകിയിരുന്നു.

ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായുള്ള 28 പാർട്ടികളിൽ ഒന്നാണ് സമാജ്‍വാദി പാർട്ടി. യാത്രയിൽ പ​ങ്കെടുക്കാനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്ഷണിച്ചതായി അഖിലേഷ് വ്യക്തമാക്കി.

'യു.പിയിലേക്ക് പ്രവേശിക്കുന്നതോടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗതിതന്നെ മാറും. റായ്ബറേലിയിലോ അമേത്തിയിലോ വെച്ച് യാത്രയുടെ ഭാഗമാകും. പിന്നാക്ക വിഭാഗങ്ങളുടെയും ഗോത്രവർഗവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ യാത്ര ഉയർത്തിക്കാട്ടും. സാമൂഹിക നീതിയുടെയും പരസ്പര സൗഹാർദ്ദത്തിന്റെയും മുന്നേറ്റം മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രതീക്ഷിക്കുന്നു​.​'-ഖാർഗെയെ അഭിസംബോധന ചെയ്ത് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത കത്തിൽ അഖിലേഷ് യാദവ് സൂചിപ്പിച്ചു.

Tags:    
News Summary - Akhilesh Yadav to participate in Bharat Jodo Nyay Yatra in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.