ന്യൂഡൽഹി: ബോയിങ് 777 വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന ടർക്കിഷ് ടെക്നിക് കമ്പനിയുമായി സഹകരണം അവസാനിപ്പിക്കാൻ എയർ ഇന്ത്യ. നിലവിൽ പുരോഗമിക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഭാവിയിലുള്ള ജോലികൾക്ക് ബദൽ കണ്ടെത്തുമെന്ന് എയർ ഇന്ത്യ സി.ഇ.ഒയും എം.ഡിയുമായ കാംബെൽ വിൽസൺ വ്യക്തമാക്കി.
പാക് വ്യോമപാത നിരോധനം ഇന്ത്യയിൽ നിന്നുള്ള സർവിസുകളെ സാരമായി ബാധിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് വിൽസൺ പറഞ്ഞു. മൂന്ന് വിദേശ നഗരങ്ങളിലേക്കുള്ള വിമാന സർവിസുകൾ മാത്രമാണ് നിലവിൽ ഇടക്ക് ഇറക്കേണ്ടിവരുന്നത്. മറ്റെല്ലാ സർവിസുകളും പതിവുപോലെ നേരിട്ട് തുടരുകയാണ്. ചില സർവിസുകൾ കൂടുതൽ സമയമെടുക്കുന്നുണ്ട്.
എന്നാൽ, വിമാനത്താവളങ്ങളിൽ ഇറങ്ങി മാറിക്കയറി യാത്ര ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഈ സമയദൈർഘ്യം അവഗണിക്കത്തക്കതാണെന്നും അദ്ദേഹം പറഞ്ഞു. ടർക്കിഷ് എയർലൈൻസിൽ നിന്ന് വാടകക്കെടുത്ത രണ്ട് വിമാനങ്ങൾക്ക് മൂന്ന് മാസത്തിൽ കൂടുതൽ സർവിസ് നടത്താൻ അനുവാദം നൽകില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇൻഡിഗോയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ പ്രഖ്യാപനം. നേരത്തെ, രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിൽ സാന്നിധ്യമുള്ള തുർക്കിയയുമായി ബന്ധപ്പെട്ട ഏവിയേഷൻ ഗ്രൗണ്ട് ഹാൻഡ്ലിങ് സർവിസസ് കമ്പനി സെലെബിയുടെ സുരക്ഷാ അനുമതി സർക്കാർ റദ്ദാക്കിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്താന് തുർക്കിയ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കെതിരായ സൈനിക നടപടികളിലും തുർക്കിയ നിർമിത ഡ്രോണുകൾ പാകിസ്താൻ ഉപയോഗിച്ചിരുന്നു. ഇതേത്തുടർന്നാണ്, തുർക്കിയക്കെതിരെ കേന്ദ്രം നിലപാട് കടുപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.