പശ്ചിമേഷ്യൻ സംഘർഷം; എയർ ഇന്ത്യ ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ മേയ് 31 വരെ നിർത്തിവച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ എയർ ഇന്ത്യ ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ മേയ് 31 വരെ നിർത്തിവച്ചു. മേയ് 31 വരെ ന്യൂഡൽഹി-ടെൽ അവീവ് റൂട്ടിലെ വിമാന സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു.

യുദ്ധ​ത്തെ തുടർന്ന് പ്രമുഖ വിമാനക്കമ്പനികളെല്ലാം ടെൽ അവീവ് റൂട്ടിലെ സർവിസുകൾ നിർത്തിവെച്ചിരിക്കുകയാണ്. എൽ അൽ, ഇസ്രാ എയർ, അർകിയ, എയർ ഹൈഫ തുടങ്ങിയ ഇസ്രായേലി വിമാനക്കമ്പനികൾ മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്. ഇസ്രായേലിൽ താമസിക്കുന്ന 40,000ത്തിലധികം ഇന്ത്യക്കാരിൽ വിമാന സർവീസുകൾ നിർത്തിവച്ചത് വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ, ജോർദാൻ അല്ലെങ്കിൽ ഈജിപ്ത് വഴി കരമാർഗം മാത്രമേ ഇസ്രായേലിൽനിന്ന് പുറത്തുകടക്കാനാവൂ.

ജനുവരി ഒന്നുമുതൽ ന്യൂഡൽഹിയിൽനിന്ന് ടെൽ അവീവിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിച്ചിരുന്നു. ബോയിങ് 787 ഡ്രീംലൈനർ വിമാനം ആഴ്ചയിൽ നാല് വിമാന സർവീസുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചതുമുതൽ വിമാന സർവീസുകൾ നിർത്തിവെക്കുകയായിരുന്നു.

ഇസ്രായേലിന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ടെൽ അവീവിലെ ഇന്ത്യൻ മിഷൻ സഹായം വാഗ്ദാനം ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ലൈൻ തുറക്കുകയും രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിക്കുകയും ചെയ്തു. ഇസ്രായേലിലെ ഇന്ത്യൻ തൊഴിലാളികളുമായും വിദ്യാർഥികളുമായും അംബാസഡർ ജെ.പി. സിങ്ങും എംബസി സംഘവും ചർച്ച നടത്തുകയും ചെയ്തിരുന്നു.  

Tags:    
News Summary - Air India Stops Flights To Israel Till May 31 Amid Iran War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.