തമിഴ്നാട്ടിൽ എൻ.ഡി.എ സഖ്യത്തിൽ അസ്വാരസ്യം; സഖ്യ സർക്കാർ വരുമെന്ന് അമിത് ഷാ, അണ്ണാ ഡി.എം.കെ സർക്കാറെന്ന് എടപ്പാടി

ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) അധികാരത്തിലേറിയാൽ മുന്നണി സർക്കാറായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ സ്വന്തം നിലയിൽ കേവല ഭൂരിപക്ഷം നേടുമെന്നും അണ്ണാ ഡി.എം.കെ സർക്കാർ രൂപവത്കരിക്കുമെന്നും എടപ്പാടി പളനിസാമി.

സംസ്ഥാനത്ത് എൻ.ഡി.എ വിജയിച്ചാൽ ബി.ജെ.പിക്ക് മന്ത്രിസഭ പങ്കാളിത്തം ഉണ്ടാവുമെന്ന് അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ആവർത്തിക്കുമ്പോൾ ഇത് പൂർണമായും നിഷേധിക്കുകയാണ് അണ്ണാ ഡി.എം.കെ നേതൃത്വം.

രണ്ടുമാസം മുമ്പ് ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യം പ്രാബല്യത്തിൽ വന്നതായി അമിത് ഷാ പ്രഖ്യാപിച്ചത് മുതൽ ഇതേച്ചൊല്ലിയുള്ള വിവാദം പുകയുകയാണ്. ഏറ്റവും ഒടുവിൽ ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ബി.ജെ.പിക്ക് പങ്കാളത്തിമുണ്ടായിരിക്കുമെന്ന് അമിത് ഷാ പറഞ്ഞത്. ഇക്കാര്യം ശനിയാഴ്ച മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അണ്ണാ ഡി.എം.കെ സ്വന്തം നിലയിൽ സർക്കാർ രൂപവത്കരിക്കുമെന്ന് എടപ്പാടി പളനിസാമി ആവർത്തിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എടപ്പാടി പളനിസാമി സംസ്ഥാനതല പര്യടനത്തിലാണ്. വിവിധസ്ഥലങ്ങളിൽ ബി.ജെ.പി നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും തനിച്ചാണ് മത്സരിച്ചത്. അണ്ണാ ഡി.എം.കെക്ക് 20 ശതമാനത്തോളവും ബി.ജെ.പിക്ക് 11.4 ശതമാനം വോട്ടുകളുമാണ് കിട്ടിയത്.

Tags:    
News Summary - AIADMK will form govt with majority -EPS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.