അണ്ണാ ഡി.എം.കെ
ചെന്നൈ: അണ്ണാ ഡി.എം.കെയിൽ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിക്കെതിരെ കലാപം ശക്തിപ്പെട്ടു. നിയമസഭ,ലോക്സഭ,തദ്ദേശ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എടപ്പാടി ജനറൽ സെക്രട്ടറി പദവി രാജിവെക്കണമെന്നാണ് വിമത നേതാക്കളുടെ ആവശ്യം.
അണ്ണാ ഡി.എം.കെക്ക് 47 എം.എൽ.എമാരാണുള്ളത്. ഇതിൽ മുപ്പത് പേരാണ് സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിലുള്ളത്. 17 പേർ മാത്രമേ എടപ്പാടിക്കൊപ്പമുള്ളൂ. തിങ്കളാഴ്ച രാവിലെ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞക്കുശേഷം എടപ്പാടി വിഭാഗം, പളനിസാമിയെ അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി നിയമിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. എന്നാൽ, വേലുമണിയെ നിയമസഭാ കക്ഷി നേതാവായും ചീഫ് വിപ്പായി സി.വിജയഭാസ്കറെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഷൺമുഖത്തിന്റെ ആഭിമുഖ്യത്തിൽ 30ഓളം അണ്ണാ ഡി.എം.കെ എം.എൽ.എമാർ പ്രോടേം സ്പീക്കർക്ക് കത്ത് നൽകുകയായിരുന്നു.
ടി.വി.കെ സർക്കാർ രൂപവത്കരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അവർക്ക് പിന്തുണ നൽകണമെന്ന വിമതപക്ഷത്തിന്റെ ആവശ്യം എടപ്പാടി അംഗീകരിക്കാത്തതാണ് ഈ വിഭാഗത്തെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച് ഇന്നലെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് എടപ്പാടി ഒഴിഞ്ഞുമാറി. വരും ദിനങ്ങളിൽ അണ്ണാ ഡി.എം.കെയിൽ പൊട്ടിത്തെറി ഉണ്ടാവുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.