അഹ്മദാബാദ്: അഹ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട 270 പേരിൽ 163 പേരെ തിരിച്ചറിഞ്ഞു. 124 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായതിനാലാണ് ഡി.എൻ.എ പരിശോധനകൾ നടത്തുന്നത്.
'ഇതുവരെ 163 ഡി.എൻ.എ സാമ്പിളുകൾ ഒത്തുനോക്കിയിട്ടുണ്ട്, 124 മൃതദേഹങ്ങൾ അതത് കുടുംബങ്ങൾക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങൾ ഉടൻ കൈമാറും' -അഹ്മദാബാദ് സിവിൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ എല്ലാവരുടെയും ഡി.എൻ.എ പ്രൊഫൈലിങ് പൂർത്തിയാകുമെന്ന് അദ്ദേഹം പറയുന്നു.
അപകടത്തിൽ പരിക്കേറ്റ 71 പേരിൽ ഒമ്പത് പേർ നിലവിൽ ചികിത്സയിലാണെന്നും രണ്ട് പേർ ചികിത്സക്കിടെ മരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, സിവിൽ ആശുപത്രിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബി.ജെ. മെഡിക്കൽ കോളജിലെ രണ്ട് എം.ബി.ബി.എസ് വിദ്യാർഥികൾ കൂടി അപകടത്തിൽ മരിച്ചുവെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു.
ജൂൺ 12നാണ് അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകർന്ന് മലയാളി ഉൾപ്പെടെ 270 പേർ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായ 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചിരുന്നു. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രികരല്ലാത്ത 29 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.