ന്യൂഡൽഹി: നിർമാണത്തിൽ പിഴവുണ്ടെന്നതടക്കം ആരോപണങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നതിന് മുമ്പാണ് മറ്റൊരു ബോയിങ് വിമാനം കൂടി അപകടത്തിൽ പെടുന്നത്. വ്യാഴാഴ്ച ഗുജറാത്തിലെ അഹ്മദാബാദ് വിമാനത്താവളത്തിൽനിന്ന് 242 പേരുമായി പറന്നുയർന്നതിന് പിന്നാലെ വീണുതകർന്ന എ.ഐ-171 എയർ ഇന്ത്യ വിമാനം, ബോയിങ്ങിന്റെ ഡ്രീംലൈനർ ശ്രേണിയിൽ പെടുന്നതാണ്.
ബോയിങ് 787 ഡ്രീംലൈനർ ജെറ്റുകളുടെ നിർമാണത്തിൽ പിഴവുകൾ ആരോപിച്ച് കഴിഞ്ഞ വർഷം, മുൻ ബോയിങ് ഗുണനിലവാര നിയന്ത്രണ എൻജിനീയറും വിസിൽ ബ്ലോവറുമായ സാം സാലെഹ്പൂർ രംഗത്തെത്തിയിരുന്നു. ഉൽപാദന തടസ്സങ്ങൾ ലഘൂകരിക്കാൻ കമ്പനി കുറുക്കുവഴികൾ സ്വീകരിച്ചെന്ന് 2024 ജനുവരിയിൽ യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് (എഫ്.എ.എ) സാം മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. സാങ്കേതിക ഘടകങ്ങൾ യോജിപ്പിക്കുന്നതിൽ പിഴവുണ്ടായി. ഇത് സർവിസിലുള്ള ആയിരത്തിലധികം വൈഡ്ബോഡി ജെറ്റുകളെ ബാധിക്കുമെന്നായിരുന്നു ആരോപണം. കാലപ്പഴക്കമേറും തോറും അപകട സാധ്യത വർധിക്കുമെന്നും 2024 ജനുവരി 19ന് യു.എസ് വ്യോമയാന സുരക്ഷാ ഏജൻസികൾക്കയച്ച കത്തിൽ സാം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ബോയിങ് ഇത് നിഷേധിച്ച് രംഗത്തെത്തി.
സാമിന് പുറമെ, ബോയിങ്ങിലെ മുൻ ഗുണനിലവാര നിയന്ത്രണ എൻജിനീയറായിരുന്ന ജോൺ ബാർനെറ്റും വിമാനശ്രേണിയിലെ നിർമാണ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഉൽപാദനം ത്വരിതഗതിയിലാക്കാനുള്ള സമ്മർദം കാരണം, അസംബ്ലി ലൈനിൽ നിലവാരമില്ലാത്ത ഭാഗങ്ങൾ സ്ഥാപിക്കുന്നുണ്ടെന്നും ഇത് പ്രത്യാഘാതമുണ്ടാക്കുമെന്നുമായിരുന്നു ബാർനെറ്റിന്റെ മുന്നറിയിപ്പ്. ബോയിങ്ങിന്റെ നിർമാണ പങ്കാളിയായ സ്പിരിറ്റ് എയറോസിസ്റ്റംസിന്റെ കരാറുകാരായ സ്റ്റോമിൽ ജോലി ചെയ്തിരുന്ന സാങ്കേതിക വിദഗ്ധനായ റിച്ചാർഡ് ക്യൂവാസും, സമാനമായി ഡ്രീംലൈനർ 787 വിമാനങ്ങളുടെ നിർമാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി കത്തുനൽകിയിരുന്നു.
2024 ജനുവരിയിൽ 737 മാക്സ് ശ്രേണിയിൽപെട്ട വിമാനത്തിന്റെ ഡോർ പ്ലഗ് വേർപെട്ട സംഭവത്തിനുശേഷം ഒരുഡസനോളം വിസിൽ ബ്ലോവർമാരാണ് ബോയിങ്ങിനെതിരെ രംഗത്തെത്തിയത്. തുടർന്ന് എഫ്.എ.എ കമ്പനിയിൽ സുരക്ഷ ഓഡിറ്റ് നടത്തിയിരുന്നു. 2018ലും 2019ലും 737 മാക്സ് ശ്രേണിയിൽപെട്ട വിമാനങ്ങൾ അപകടത്തിൽപെട്ട് 346 പേരാണ് മരിച്ചത്. നിയമപോരാട്ടത്തിനൊടുവിൽ ഇരകൾക്ക് നഷ്ടപരിഹാരമടക്കം വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ച് കഴിഞ്ഞ മാസം ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.