അഹ്മദാബാദ്: ഗുജറാത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തിൽ 12 ക്രൂ അംഗങ്ങളടക്കം 242 യാത്രക്കാരാണുണ്ടായിരുന്നത്. അതിൽ 110 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു. 625 അടി താഴ്ചയിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്.
വിമാനത്തിലെ യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരൻമാരാണ്. 53 പേർ ബ്രിട്ടീഷ് പൗരൻമാരും. ഏഴ് പോർച്ച്ഗീസ് പൗരൻമാരും ഒരു കനേഡിയൻ പൗരൻമാരും വിമാനത്തിലെ യാത്രക്കാരായി ഉണ്ടായിരുന്നു. എട്ട് കുട്ടികളുടെ പേരുകളും യാത്രാലിസ്റ്റിൽ ഉണ്ട്.
ബോയിങ് 787 വിമാനം അപകടത്തിൽ പെടുന്നത് ആദ്യമായാണ്. അപകടത്തെ തുടർന്ന് അഹ്മദാബാദ് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു.
ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.
പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും 20ലേറെ ആംബലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.